പനജി • ആണവവിതരണ സംഘത്തില്‍ (എന്‍എസ്ജി) പ്രവേശനം നേടുന്നതിന് ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും ചെയ്യുമെന്നു ബ്രസീല്‍. ബ്രിക്സ് ഉച്ചകോടിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ നടത്തിയ പ്രത്യേക കൂടിക്കാഴ്ചയില്‍ ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിലും ഇന്ത്യയും ബ്രസീലും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ആണവദാതാക്കളായ രാജ്യങ്ങളുടെ സംഘടനയായ എന്‍എസ്ജിയുടെ സമ്മേളനം ഒരു മാസത്തിനകം വിയന്നയില്‍ നടക്കാനിരിക്കേ ബ്രസീല്‍ പ്രസിന്റിന്റെ പ്രഖ്യാപനം ഏറെ പ്രസക്തമാണ്. ജൂണില്‍ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ബ്രസീല്‍ എതിര്‍ത്തിരുന്നില്ല. എങ്കിലും ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളുടെ പ്രവേശനക്കാര്യത്തില്‍ പൊതുമാനദണ്ഡങ്ങള്‍ വേണമെന്ന് അവര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു ബ്രസീലിന്റെ പുതിയ നിലപാടു കൂടുതല്‍ പ്രസക്തമാകുന്നത്. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിനു സഹായം നല്‍കുമെന്ന ബ്രസീല്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിനും പിന്തുണ പ്രഖ്യാപിച്ച പ്രസിഡന്റിനെ അദ്ദേഹം അഭിനന്ദിച്ചു. കാര്‍ഷിക ഗവേഷണം, സൈബര്‍ സുരക്ഷിതത്വം തുടങ്ങിയ മേഖലകളിലും ഇന്ത്യയും ബ്രസീലും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. ഇരുനേതാക്കളുടെയും സാന്നിധ്യത്തില്‍ ഇന്ത്യയും ബ്രസീലും നാലു ധാരണാപത്രങ്ങളും ഒപ്പുവച്ചു. കൃഷി, മൃഗസംരക്ഷണം, പ്രകൃതി സ്രോതസ്സുകള്‍, മരുന്നുല്‍പന്നങ്ങളുടെ നിയന്ത്രണം, നിക്ഷേപ സഹകരണം തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതാണു ധാരണാപത്രങ്ങള്‍.