മാരാരിക്കുളം മാതൃകയില്‍ മനം നിറഞ്ഞ് ബ്രിക്‌സ് പ്രതിനിധി സംഘം

222

കൊച്ചി: പങ്കാളിത്ത തദ്ദേശ ആസൂത്രണത്തിന്റ കേരളത്തിലെ മിന്നുന്ന ഉദാഹരണമായ മാരാരിക്കുളം ഗ്രാമപഞ്ചായത്തില്‍ നടത്തിയ സന്ദര്‍ശനം ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് വേറിട്ട അനുഭവമായി. തദ്ദേശ പങ്കാളിത്ത ബജറ്റ് എന്ന വിഷയത്തില്‍ കൊച്ചിയില്‍ നടക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ സമ്മേളനത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം ഏര്‍പ്പെടുത്തിയത്. കുമരകം, മാരാരിക്കുളം, നെടുമ്പാശ്ശേരി, തളിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളും ആലപ്പുഴ നഗരസഭയുമാണ് പ്രതിനിധികള്‍ വിവിധ സംഘങ്ങളായി സന്ദര്‍ശിച്ചത്. മാരാരിക്കുളത്തെ മൂന്നു പ്രധാന പദ്ധതികളാണ് ബ്രിക്‌സ് സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന മാനസ, ബാലകൈരളി, ആരോഗ്യരംഗത്തുള്ള ആയുര്‍രേഖ പദ്ധതി എന്നിവയാണ് പഞ്ചായത്ത് എടുത്തു പറഞ്ഞത്.

ഗ്രാമീണതലം മുതലുള്ള ആസൂത്രണത്തചന്റ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ് ഏറ്റവുമധികം പങ്കുള്ളത്. പഞ്ചായത്തിന്റെ പൂര്‍ണസഹായത്തോടെ നടക്കുന്ന ഈ പദ്ധതികള്‍ ഇതിനകം തന്നെ വിജയം കൈവരിച്ചു കഴിഞ്ഞുവെന്ന് പ്രതിനിധികള്‍ക്ക് ബോധ്യപ്പെട്ടു. വിവിധ സ്‌കൂളുകളിലായി നടത്തിയ അന്വേഷണത്തില്‍ 147 കുട്ടികളാണ് വിവിധ കാരണങ്ങള്‍ കൊണ്ട് പഠനത്തില്‍ പിന്നാക്കം പോയത്. 30 കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ എന്ന അനുപാതത്തില്‍ ഇവര്‍ക്ക് ക്ലാസുകള്‍ എടുക്കുകയാണ് മാനസി പദ്ധതി വഴി ചെയ്യുന്നത്.മദ്യപാനാസക്തി, ഗാര്‍ഹിക പീഡനം, അനാഥത്വം, വീട്ടിലെ വഴക്ക് എന്നിവയാണ് കുട്ടികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ പ്രധാന ഘടകങ്ങള്‍. ഇവ പരിഹരിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പഞ്ചായത്തിന്റെ പദ്ധതി കോഓര്‍ഡിനേറ്ററായ ഡോ.ആര്‍.ജയപ്രകാശ് വിവരിച്ചു. ഈ പദ്ധതിയിലൂടെ 54 ശതമാനം പുരോഗതി കുട്ടികളുടെ പഠനത്തില്‍ കാണാനായി എന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക ജനതയ്ക്ക് ആസൂത്രണത്തില്‍ പങ്കാളിത്തമുള്ള സ്ഥലങ്ങളിലെല്ലാം ഗണ്യമായ മാറ്റം കാണാനാകുന്നുവെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സ്വന്തം ഗ്രാമത്തിനു വേണ്ടതെന്തെന്നു മനസിലാക്കാന്‍ തദ്ദേശീയര്‍ക്കു മാത്രമേ സാധിക്കൂ. അതിനാല്‍തന്നെ മാരാരിക്കുള മാതൃക അനുകരണീയമാണെന്നാണ് സംഘത്തിലുണ്ടായിരുന്ന സ്വരൂപ് ദാസ് അഭിപ്രായപ്പെട്ടു. പ്രാഥമിക വിദ്യാലയങ്ങളില്‍ ആധുനിക സാങ്കേതികവിദ്യാസഹായത്തോടെ സ്മാര്‍ട്ട് ക്ലാസുകള്‍ നടപ്പാക്കിയ ബാലകൈരളി പദ്ധതിയും ഏറെ കൗതുകകരമാണെന്ന് സ്വരൂപ് ദാസ് പറഞ്ഞു. പ്രാദേശികതലത്തില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആസൂത്രണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിക്‌സ് സമ്മേളനം നാളെ (05.11.2016) സമാപിക്കും

NO COMMENTS

LEAVE A REPLY