ബ്രിഡ്ജ് കോഴ്സ് സെന്ററുകള്‍ സജീവമാകുന്നു – ഓണ്‍ലൈന്‍ ക്ലാസുകളുടെ കന്നട പരിഭാഷ നല്‍കി കുടുംബശ്രീ ജില്ലാമിഷന്‍

64

കാസറഗോഡ് : പട്ടിക വര്‍ഗ്ഗ കോളനികളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ കുടുംബശ്രീ ആവിഷ്‌ക്കരിച്ച പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ബ്രിഡ്ജ് കോഴ്സ് സെന്ററുകളുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. ജില്ലയിലെ ട്രൈബല്‍ മേഘലകളില്‍ പ്രത്യേക പഠനം നടത്തിയതിലൂടെ കൂടുതല്‍ കൊഴിഞ്ഞുപോക്ക് കണ്ടെത്തിയ മൂന്ന് കോളനികള്‍ കേന്ദ്രീകരിച്ചാണ് ബ്രിഡ്ജ് കോഴ്സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

സ്‌കൂളുകളില്‍ നിന്നും കൂടുതല്‍ കൊഴിഞ്ഞു പോക്ക് റിപ്പോര്‍ട്ട് ചെയ്ത കള്ളാര്‍, പനത്തടി, പെരഡാല എന്നിവിടങ്ങളിലാണ് ബ്രിഡ്ജ് കോഴ്സ് സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. വൈകുന്നേരങ്ങളില്‍ പ്രത്യേക ട്യൂഷന്‍ നല്‍കി പഠനം രസകരമാക്കി കൊഴിഞ്ഞുപോക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ക്ലാസുകള്‍ വീണ്ടും ആരംഭിച്ചപ്പോള്‍ അതോടൊപ്പം ബ്രിഡ്ജ് കോഴ്സ് സെന്ററുകളും പ്രവര്‍ത്തനം ആരംഭിക്കുകയാണ്.

പട്ടിക വര്‍ഗ്ഗ സുസ്ഥര വികസന പദ്ധതിയുടെ ഭാഗമായി കൊറഗ സ്പെഷ്യല്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയ ക്ലാസ് പെരഡാല കൊറഗ കോളനിയില്‍ ആരംഭിച്ചു. നിലവില്‍ പെരഡാലയിലെ ഏകാധ്യാപക വിദ്യാലയത്തിലാണ് സാമൂഹിക അകലം പാലിച്ച് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം വൈകുന്നേരത്തെ ട്യൂഷന്‍ എന്ന രീതിയിലായിരുന്നു ബ്രിഡ്ജ് കോഴ്സ് സെന്റര്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. എന്നാല്‍ കോവിഡ് പ്രമാണിച്ച് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈനായി നല്‍കുന്ന മലയാളം ക്ലാസകളുടെ കന്നട തര്‍ജ്ജിമ ക്ലാസുകളും പ്രാഥമിക വിദ്യാഭ്യാസവുമാണ് ഇവിടെ നല്‍കുന്നത്.

ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടക്കും. കുട്ടികള്‍ക്ക് ക്ലാസുകള്‍ എടുത്തുകൊടുക്കാന്‍ കുടുംബശ്രീ ഒരു അധ്യാപകനെ ഓണറേറിയം നല്‍കി നിയമിച്ചിട്ടുണ്ട്. ക്ലാസ് നടക്കുന്ന സമയത്ത് പാലും മുട്ടയും അല്ലെങ്കില്‍ പഴവും കുട്ടികള്‍ക്ക് കുടുംബശ്രീ അംഗങ്ങള്‍ നല്‍കും.

കുടുംബശ്രീ ജില്ലാമിഷന്‍ കൊറഗ സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായി പെര്‍ഡാല കൊറഗ കോളനിയില്‍ ആരംഭിച്ച ബ്രിഡ്ജ് കോഴ്സ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ. ടി ടി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. കന്നഡ മീഡിയം ക്ലാസുകള്‍ ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന 15 ഓളം കുട്ടികള്‍ക്കാണ് ജില്ലാമിഷന്റെയും കൊറഗ സ്പെഷ്യല്‍ പ്രോജക്ടിന്റെയും പ്രത്യേക ഇടപെടലിലൂടെയാണ് പഠന സൗകര്യം ഒരുങ്ങിയത്.

കുട്ടികള്‍ക്ക് ദിവസവും ലഘുഭക്ഷണവും നല്‍കുന്നുണ്ട്. കൊറഗ സമുദായം കൂടുതലായുള്ള മധൂര്‍, പൈവളിഗെ (രണ്ടെണ്ണം), മീഞ്ച, മഞ്ചേശ്വരം എന്നിങ്ങനെ ആരംഭിക്കാനിരിക്കുകയാണ്. ഇതോടൊപ്പം ജില്ലാ മിഷന്‍ പനത്തടി കോയത്തടുക്കം പട്ടിക വര്‍ഗ്ഗ ഊരിലെ ബ്രിഡ്ജ് കോഴ്സ് സെന്ററിലേക്ക് ടി.വിയും ഡിഷും വിതരണം ചെയ്തു.

NO COMMENTS