ജിദ്ദ: തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ജിദ്ദയുടെ വടക്കുഭാഗത്തെ പെട്രോള്‍ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കില്‍ തീപിടുത്ത മുണ്ടായത്. തീപിടുത്തത്തിന് പിന്നില്‍ യമന്‍ വിമത സായുധസംഘമായ ഹൂതികളാണെന്ന് തെളിഞ്ഞതായി സംഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ ഇന്ധന സംസ്കരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നേരത്തെ നടത്തിയ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നും ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന അതിക്രമമാണ് സംഭവത്തിന് പിന്നിലെന്നും സൗദി അറേബ്യയെയല്ല, മറിച്ച് ആഗോള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിനെ തന്നെയാണ് ഭീകരസംഘം ഉന്നമിടുന്നതെന്നും ആഗോള ഊർജ്ജ സുരക്ഷയെ തകര്‍ക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാകുന്നു
ക്രൂയിസ് മിസൈലും സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും ഉപയോഗിച്ച് അബ്ഖൈഖ്, ഖുറൈസ് പെട്രോളിയം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത് ഹൂതികളാണെന്നും അതിന് പിന്നില്‍ ഇറാനിയന്‍ ഭരണകൂടമാണെന്നും തെളിഞ്ഞതാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സംഖ്യസേന സ്വീകരിക്കുമെന്നും ശത്രുതാപരവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ഭീകരസംഘങ്ങളെ അന്താരാഷ്ട്ര മാനുഷിക നിയമത്തിനനുസൃതമായി കൈകാര്യം ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
അഗ്നിശമന സേന തീ കെടുത്തുകയായിരുന്നു. ആളുകള്‍ക്ക് പരിക്കോ ജീവഹാനിയോ സംഭവിച്ചില്ല. ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും ഭീരുത്വം നിറഞ്ഞ ആ ക്രമണത്തെ രാജ്യം ശക്തമായി അപലപിക്കുന്നു എന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. പെട്രോള്‍ വിതരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തം ഊർജ്ജ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.