തിരുവനന്തപുരം : അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ജനങ്ങള്‍ ഇടത് ജനപ്രതിനിധികളില്‍ നിന്ന് ചിലത് പ്രതീക്ഷിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായവര്‍ക്കും രാജിവച്ചവര്‍ക്കും ഒപ്പം ഉറച്ചു നില്‍ക്കുന്നതാണ് ഇടത് നിലപാട്. അത് ഉള്‍ക്കൊണ്ട് അമ്മയില്‍ അംഗങ്ങളായ ജനപ്രതിനിധികള്‍ പെരുമാറണമെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഗുരുതരമായ കുറ്റങ്ങള്‍ക്ക് വെള്ളപൂശുന്ന നടപടിയാണ്. തീരുമാനം പുനഃപരിശോധിക്കണം. പുരോഗമന നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന മലയാള സിനിമാ രംഗം പുരുഷമേധാവിത്ത നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും വൃന്ദ കരാട്ട് വ്യക്തമാക്കി.