ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം.
ബ്രക്സിറ്റ് പോൾ എന്നറിയപ്പെടുന്ന ഈ ഹിതപരിശോധനയുടെ പ്രചാരണത്തിന് ഇന്നു രാത്രി ലണ്ടനിലെ വെബ്ലി സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട്.
ആറായിരത്തോളം വരുന്ന തെരഞ്ഞെടുക്കപ്പെട്ട സദസിനു മുന്നിൽ ഇരുപക്ഷത്തെയും പ്രമുഖരായ ആറു നേതാക്കൾ തങ്ങളുടെ വാദമുഖങ്ങൾ നിരത്തും. പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകിക്കൊണ്ടാകും രണ്ടു മണിക്കൂർ നീളുന്ന സംവാദം. മുൻ ലണ്ടൻ മേയർ ബോറീസ് ജോൺസണാണ് യൂണിയൻ വിടണമെന്ന് വാദിക്കുന്ന ലീവ് ക്യാംപെയ്നേഴ്സിന്റെ പാനൽ തലവൻ. നിലവിലെ ലണ്ടൻ മേയർ സാദിഖ് ഖാനാണ് യൂണിയനിൽ തുടരാൻ ആഗ്രഹിക്കുന്ന പക്ഷത്തെ (റിമെയിൻ) ന്യായീകരിക്കാനെത്തുന്നത്.
ഇരുപക്ഷവും ആഴ്ചകളായി നടത്തുന്ന വാശിയേറിയ പ്രചാരണം പൊതു തിരഞ്ഞെടുപ്പിനെപ്പോലും കടത്തിവെട്ടുന്നതാണ്. അതിനാൽതന്നെ ഫലപ്രവചനവും അസാധ്യമാവുകയാണ്. കഴിഞ്ഞയാഴ്ച പുറത്തുവന്ന തുടർച്ചയായ അഭിപ്രായ സർവേകളെല്ലാം ബ്രിട്ടൻ പുറത്തുപോകണമെന്ന അഭിപ്രായത്തിന് അനുകൂലമായിരുന്നു. ഇതനുസരിച്ചുള്ള ചലനങ്ങൾ വിപണിയിൽ പോലും ദൃശ്യമാവുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ ഇന്നലെ പുറത്തുവന്ന രണ്ട് സർവേകളും യൂണിയനിൽ തുടരണമെന്ന പക്ഷത്തിന് അനുകൂലമാണ്