ലണ്ടന്‍:ലണ്ടനിലെ പാര്‍ലമെന്റ് ഹൗസിനു പുറത്ത് വെടിവെയ്പ്പ്. പാര്‍ലമെന്റിനകത്തുള്ളവരോട് അവിടെത്തന്നെ തുടരാന്‍ നിര്‍ദേശം നല്‍കി. ആയുധധാരിയായ ഒരാളെ പാര്‍ലമെന്റ് കെട്ടിടത്തിനു പുറത്ത് കണ്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വെടിവെയ്പ്പില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റതായാണ് വിവരം. അക്രമികളില്‍ രണ്ടുപേരെ പൊലീസ് വെടിവച്ചു വീഴ്ത്തിയതായും റിപ്പോര്‍ട്ടുണ്ട്. ലണ്ടന്‍ പൂര്‍ണമായും വന്‍ സുരക്ഷാ വലയത്തിലാണ്. പരുക്കേറ്റവരെ എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ആശുപത്രികളിലേക്ക് മാറ്റി. പാര്‍ലമെന്റ് സമ്മേളിക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തിനു സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍ പ്രാദേശിക സമയം വൈകിട്ട് 3.15നാണ് ആക്രമണം ഉണ്ടായത്. ഈ സമയത്ത് ജനപ്രതിനിധി സഭയുടെ പാര്‍ലമെന്റ് സമ്മേളനം നടക്കുകയായിരുന്നു. വെടിവയ്പുണ്ടായ ഉടനെ സമ്മേളനം റദ്ദാക്കി. പ്രധാനമന്ത്രി തെരേസ മേയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയ സുരക്ഷാ ഉദ്യോഗസ്ഥര്‍, മന്ദിരത്തിനുള്ളില്‍ എംപിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കനത്ത കാവല്‍ ഏര്‍പ്പെടുത്തി. പാര്‍ലമെന്റ് കെട്ടിടം പൂര്‍ണമായം പൊലീസ് സംരക്ഷണത്തിലാണ്. അതേസമയം, വെടിവെയ്പ്പ് ഉണ്ടാകുന്നതിന് തൊട്ടുമുന്‍പ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഒരു കാര്‍ ഇടിച്ചുകയറിയതായും വിവരമുണ്ട്. ഇതില്‍ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. ഈ വാഹനം പാര്‍ലമെന്റിനു സമീപമുള്ള കെട്ടിടത്തിലാണ് ഇടിച്ചുനിന്നത്. വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കത്തിയുമായി ആക്രമിച്ചതായും വിവരമുണ്ട്. തുടര്‍ന്ന് ഇവിടം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാറിലെത്തിയ രണ്ടുപേരെ വെടിവച്ചു വീഴ്ത്തി.