കൊച്ചി • കേരളത്തിനായി ബിഎസ്എന്‍എല്‍ കാതോര്‍ക്കുന്നു. കേരളത്തിലെ ഉപയോക്താക്കളുമായി സംവദിക്കാന്‍ ബിഎസ്എന്‍എല്‍ ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ നാളെയെത്തുന്നു. ട്വിറ്ററിലൂടെ ലൈവ് ചാറ്റിലാണു സിഎംഡി പങ്കെടുക്കുക. നാളെ ഉച്ചയ്ക്കു 12 മുതല്‍ ഒന്നു വരെ സിഎംഡി ബിഎസ്എന്‍എല്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണു അനുപം ശ്രീവാസ്തവ ഉപയോക്താക്കളുമായി നേരിട്ടു സംവദിക്കുക.
ബിഎസ്എന്‍എല്‍ സേവനം മെച്ചപ്പെടുത്താന്‍ ആവിഷ്കരിച്ച സര്‍വീസ് വിത്ത് എ സ്മൈല്‍ (സ്വാസ്) പദ്ധതിയുടെ ഭാഗമായാണു പരിപാടി നടത്തുന്നത്. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ട്വിറ്റര്‍ വഴി രേഖപ്പെടുത്തുകയും ചെയ്യാം. ഇതിനായി #TalkToBSNLCMD എന്ന ഹാഷ്ടാഗും തയാറാക്കിയിട്ടുണ്ട്.ബിഎസ്എന്‍എല്ലിനു ഏറ്റവും അധികം വരുമാനം നേടിക്കൊടുക്കുന്ന സര്‍ക്കിള്‍ എന്ന പരിഗണനയിലാണു ലൈവ് ചാറ്റിന്റെ ആദ്യ പതിപ്പിനായി കേരളത്തെ ബിഎസ്എന്‍എല്‍ കോര്‍പറേറ്റ് ഓഫിസ് തിരഞ്ഞെടുത്തത്.