തൃശ്ശൂര്‍: രാജ്യത്ത് ലാഭത്തിലുണ്ടായിരുന്ന ഏക ബി.എസ്.എന്‍.എല്‍. സര്‍ക്കിളായിരുന്ന കേരളവും നഷ്ടത്തിലായി. രണ്ടായിരത്തില്‍ കമ്ബനിയായശേഷം ഒരിക്കല്‍പ്പോലും നഷ്ടമുണ്ടാക്കാതിരുന്ന കേരള സര്‍ക്കിളിന് 2018-19 വര്‍ഷത്തെ നഷ്ടം 261 കോടി രൂപയാണ്. ബി.എസ്.എന്‍.എല്ലിന്റെ ഉടമസ്ഥതയിലുള്ള മൂവായിരത്തോളം ടവറുകളില്‍ 140 എണ്ണം പ്രവര്‍ത്തനരഹിതമാണെന്നാണ് അനൗദ്യോഗികവിവരം. ഇതില്‍ പലതും തകരാറിലാണ്. നന്നാക്കാന്‍ കരാറുകാര്‍ തയ്യാറാവുന്നില്ല. ചില ടവറുകളില്‍ ജനറേറ്ററുകളും പ്രവര്‍ത്തിക്കുന്നില്ല.
ടവറുകള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ആ ഭാഗത്ത് സിഗ്നലുകള്‍ കിട്ടില്ല. തകരാറിലായ ടവറുകള്‍ ഏറെയും ഉള്‍പ്രദേശങ്ങളിലാണ്.അവസാനഘട്ടത്തില്‍ ഒഡിഷയും ജമ്മുവും ലാഭമുണ്ടാക്കിയിരുന്നെങ്കിലും അവരേക്കാള്‍ ഏറെ മുന്നിലായിരുന്നു കേരളം. അഞ്ചുകോടിക്കടുത്ത് ഒഡിഷയും ജമ്മുവും ലാഭമുണ്ടാക്കിയപ്പോള്‍ കേരളത്തിന്റെ ലാഭം 200 കോടിയോളം രൂപയായിരുന്നു. ബഹുദൂരം മുന്നില്‍നിന്ന കേരളത്തെ നഷ്ടത്തിലേക്ക് പതിപ്പിച്ചത് വരുമാനത്തിലുണ്ടായ കുറവാണ്. രാജ്യത്ത് ആദ്യമായി 4-ജി തുടങ്ങിയ സ്വകാര്യകമ്ബനി ഗണ്യമായ തോതില്‍ താരിഫ് നിരക്കുകള്‍ കുറച്ചതാണ് ബി.എസ്.എന്‍.എല്ലിന് വിനയായത്. ഇതോടെ താരിഫ് നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ ബി.എസ്.എന്‍.എല്ലും നിര്‍ബന്ധിതരായി.
നഷ്ടത്തിലായെങ്കിലും ഇപ്പോഴും കേരളത്തിലെ 30 ശതമാനം വിപണിവിഹിതം ബി.എസ്.എന്‍.എല്ലിനാണ്. ബ്രോഡ്ബാന്‍ഡ് നിരക്കുകളിലും ബി.എസ്.എന്‍.എല്ലിന് വന്‍കുറവ് വരുത്തേണ്ടിവന്നു. 600 രൂപയ്ക്കുവരെ കൊടുത്തിരുന്ന ബ്രോഡ്ബാന്‍ഡ് 99 രൂപയ്ക്കുവരെ കൊടുക്കേണ്ട സ്ഥിതിയായി. 4ജി സ്പെക്‌ട്രം അനുവദിക്കാത്തതും തിരിച്ചടിയായി.