ലഖ്നൗ: ഉത്തർപ്രദേശിൽ 2022ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരാനാണ് എസ്പി നേതാവ് അഖിലേഷ് യാദവിന്റെയും ബിഎസ്പി നേതാവ് മായാവതിയുടെയും തീരുമാനമെന്നാണ് റിപ്പോർട്ട്.
വൈകാതെ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് അതിനുള്ള ആദ്യ വേദിയാകുമെന്നാണ് കരുതുന്നത്. സിറ്റിങ് എംഎൽഎമാരായ 11 പേർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്രയും സീറ്റുകളിലേയ്ക്ക് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
എസ്പിയുമായുള്ള സഖ്യം തുടരുമെന്ന് ശനിയാഴ്ച പാർട്ടി പ്രവർത്തകരുമായി നടന്ന കൂടിക്കാഴ്ചയിൽ മായാവതി വ്യക്തമാക്കിയിരുന്നു. നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും അവർ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ എതിരിടുന്നതിന് ലക്ഷ്യംവെച്ച് രൂപവത്കരിച്ച മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും ഒറ്റ സീറ്റുപോലുമില്ലാതിരുന്ന ബിഎസ്പിക്ക് പത്ത് സീറ്റുകൾ നേടാനായി. എന്നാൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് അടക്കമുള്ളവരുടെ പരാജയം എസ്പിക്ക് തിരിച്ചടിയായി.