ന്യൂഡല്‍ഹി: മോഡിക്കും അമിത‌് ഷായ‌്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളാകുമെന്ന‌് ബിഎസ‌്പി അധ്യക്ഷ മായാവതി പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും ഒരേ പോലെയാണ‌്. ഒരേ രീതിയിലാണ‌് ഇവര്‍ ചിന്തിക്കുന്നത‌്. ബൊഫോഴ‌്സ‌് അഴിമതിയെത്തുടര്‍ന്ന‌് മുമ്ബ‌് കോണ്‍ഗ്രസ‌് സര്‍ക്കാര്‍ നിലംപൊത്തി. ഇപ്പോഴത്തെ ബിജെപി സര്‍ക്കാരിനെ റഫേല്‍ അഴിമതി വീഴ‌്ത്തും. കോണ്‍ഗ്രസിനെപോലെ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ‌് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത‌്.കോണ്‍ഗ്രസിന്റെ കാലത്ത‌് പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നു. ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ‌്.
ഇരുപാര്‍ടികളും സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി. 1977 ല്‍ കോണ്‍ഗ്രസ‌് സര്‍ക്കാരിന‌് സംഭവിച്ചത‌് 2019 ല്‍ ബിജെപി സര്‍ക്കാരിന‌് സംഭവിക്കും.ജാതീയവും വര്‍ഗീയവുമായ ബിജെപിയ‌്ക്കെതിരായി അംബേദ‌്കറുടെയും ലോഹ്യയുടെയും അനുയായികള്‍ രൂപപ്പെടുത്തുന്ന സഖ്യമാണിത‌്. ദരിദ്രര്‍, തൊഴിലാളികള്‍, പിന്നോക്ക വിഭാഗങ്ങള്‍, ദളിതര്‍, മതന്യൂനപക്ഷങ്ങള്‍, സ‌്ത്രീകള്‍, യുവാക്കള്‍, വ്യാപാരികള്‍ തുടങ്ങിയവരുടെ യോജിപ്പാകും സഖ്യത്തിലൂടെ സാധ്യമാവുക. ഉപതെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ ബിജെപിയെ തോല്‍പ്പിച്ചു. — മായാവതി പറഞ്ഞു.