കാസര്‍കോട്: മലേഷ്യന്‍ കമ്ബനിയെന്ന പേരില്‍ ഓണ്‍ലൈന്‍ വഴി മണിചെയിന്‍ തട്ടിപ്പ് നടത്തിയ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ജാവേദ് (28) ആണ് പിടിയിലായത്. ഇയാള്‍ ബിടെക് ബിരുദധാരി യാണ്. കാസര്‍കോട് ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് റസ്റ്റ് ചെയ്ത്.മണി ചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശഫീഖ് എന്നയാളാണ് പരാതി നല്‍കിയത്. ജാവേദില്‍ നിന്ന് നിര്‍ണായക മായ ഡിജിറ്റല്‍ തെളിവുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ആപിലൂടെയാണ് ബിസിനസ് നടക്കുന്നത്. ചെറിയ തുകകളുടെ നിക്ഷേപത്തില്‍ നിന്നു ചുരുങ്ങിയ സമയത്തിനകം വന്‍ ലാഭം നേടാമെന്ന് ഇവര്‍ ബോധ്യപ്പെടുത്തുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിദിനം ആറ് ഡോളര്‍ ലഭിക്കുമെന്നാണ് വാഗ്‌ദാനം ചെയ്തിരുന്നത്. ആദ്യം പണം നിക്ഷേപിച്ചവര്‍ക്ക് വാഗ്‌ദാനം ചെയ്ത ലാഭവിഹിതം നല്‍കി അവരെ വിശ്വാസത്തിലെടുക്കുന്നു. പിന്നീട് ഇവരിലൂടെ 10 ശതമാനം വരെ കമീഷന്‍ നല്‍കി കൂടുതല്‍ നിക്ഷേപങ്ങള്‍ സമാഹരിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഇത്തരത്തില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ലാഭവിഹിതം ലഭിച്ചിട്ടില്ല. ഇത് ചോദ്യം ചെയ്തപ്പോള്‍ പ്രിന്‍സ് ഗോള്‍ഡില്‍ സ്വര്‍ണമായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കുന്നത്. പ്രിന്‍സ് ഗോള്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ്.
ഏപ്രില്‍ 27 ന് മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ മംഗളൂറില്‍ ഏഴ് പേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നാണ് തട്ടിപ്പിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. അന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട രണ്ട് പേരില്‍ ഒരാളാണ് ഇപ്പോള്‍ അറസ്റ്റിലായ ജാവേദ്. പ്രതികളിലൊരാളായ ഇഖ്ബാലിനോട് ജാവേദും സുഹൃത്തായ അശ്‌റഫും പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിക്ഷേപത്തിന് മൂന്നിരട്ടി വരുമാനം ലഭിക്കുമെന്ന് ഇവര്‍ ഇഖ്ബാലിനെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ഇഖ്ബാല്‍ 27 ലക്ഷം രൂപ നിക്ഷേപിച്ചു.
അശ്‌റഫും ജാവേദും ലാഭമുള്‍പെടെ 99 ലക്ഷം രൂപ ഇഖ്ബാലിന് നല്‍കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ 10 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും അവര്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ക്രിമിനല്‍ സംഘത്തിന്റെ സഹായത്തോടെ തട്ടിക്കൊണ്ട് പോയത്.
കാസര്‍കോട്, മംഗളുറു അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പില്‍ കുടുങ്ങിയത്. ഗള്‍ഫിലും നിരവധി പേര്‍ ഇവരുടെ കെണിയില്‍ അകപ്പെട്ടിരുന്നു. ജാവേദ് നേരിട്ട് 543 പേരെയും ഇവര്‍ മുഖേന 4000 ഓളം പേരെയും ചേര്‍ത്തതായി പൊലീസ് പറഞ്ഞു. ഇതിലൂടെ 47.72 കോടി രൂപയാണ് സമാഹരിച്ചത്. ജാവേദിന് 1.08 കോടി രൂപയാണ് ലഭിച്ചത്.