കേന്ദ്ര ബജറ്റ് അസാധുവാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി.

168

ന്യൂഡല്‍ഹി: അഡ്വ. മനോഹര്‍ ലാല്‍ശര്‍മയാണ് കേന്ദ്ര ബജറ്റ് അസാധുവാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.ഇടക്കാല ബജറ്റിന് ഭരണഘടനാ സാധുതയില്ലെന്നും അതിനാല്‍ ബജറ്റ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയിരിക്കുന്നത്.

ഭരണഘടന പ്രകാരം പൂര്‍ണ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കാന്‍ മാത്രമേ സാധിക്കൂവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കാലാവധി തീരാന്‍ കുറച്ചുകാലം മാത്രം ബാക്കിയുള്ള സര്‍ക്കാരിന് പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും കുറഞ്ഞ കാലത്തേക്കുള്ള ഭരണ ചിലവുകള്‍ക്കായുള്ള വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കാനെ സാധിക്കൂവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഇടക്കാല ബജറ്റ് എന്നൊരു സംവിധാനം ഭരണഘടനാനുസൃതം അല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.

ചികിത്സക്കായി പോയ ധനകാര്യ മന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്ക് പകരം മന്ത്രി പീയൂഷ് ഗോയലാണ് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. കര്‍ഷകര്‍ക്കും ഇടത്തരം വരുമാനക്കാര്‍ക്കും കൂടുതല്‍ ഇളവുകളും ആനൂകൂല്യങ്ങളും പ്രഖ്യാപിക്കുന്നതായിരുന്നു ബജറ്റ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിനിടെയാണ് ബജറ്റ് റദ്ദാക്കണമെന്ന ആവശ്യവുമായി മനോഹര്‍ലാല്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത്.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു എന്ന വിവാദങ്ങള്‍ നിലനില്‍ക്കെ കഴിഞ്ഞ ഡിസംബറില്‍ മനോഹര്‍ലാല്‍ ശര്‍മ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 50,000 രൂപ പിഴയൊടുക്കി ഹര്‍ജി കോടതി തള്ളുകയാണുണ്ടായത്.

NO COMMENTS