തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ കെട്ടിട നിർമാണാനുമതി, കെട്ടിട നിർമാണ ക്രമവത്കരണാനുമതി, ഒക്കുപെൻസി/കെട്ടിട നമ്പർ എന്നിവയ്ക്കുള്ള അപേക്ഷകൾ തീർപ്പാക്കാൻ ജില്ലാതല അദാലത്തുകൾ 19 മുതൽ 30 വരെ നടക്കും. 941 ഗ്രാമപഞ്ചായത്തുകളിലായി ജൂൺ 24 വരെ ലഭിച്ച 59,798 അപേക്ഷകളിൽ 34,121 എണ്ണം (57.06 ശതമാനം) ജൂലൈ 10നകം ഗ്രാമപഞ്ചായത്തുകളിൽത്തന്നെ തീർപ്പാക്കിയിരുന്നു. അവശേഷിക്കുന്ന 25677 എണ്ണമാണ് വിവിധ ജില്ലകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ പരിഗണിക്കുന്നത്. ഈമാസം തന്നെ എല്ലാ അപേക്ഷകളിലും നടപടിയെടുത്ത് തീർപ്പാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് ഡയറക്ടർ ഡോ. ബി.എസ്. തിരുമേനി അറിയിച്ചു.
ജൂൺ 24 വരെ ലഭിച്ചവയിൽ കെട്ടിടനിർമാണാനുമതിക്ക് ലഭിച്ച 28324 എണ്ണത്തിൽ 14766 എണ്ണമാണ് ഇതിനകം തീർപ്പാക്കിയത്. ക്രമവത്കരണ അപേക്ഷകളിൽ 11582 എണ്ണത്തിൽ 6202 എണ്ണം തീർപ്പാക്കി. ഒക്കുപെൻസി/കെട്ടിടനമ്പർ ലഭിക്കാനുള്ള അപേക്ഷകളിൽ 19892ൽ 13153 എണ്ണവും തീർപ്പാക്കിയിരുന്നു. അവശേഷിക്കുന്ന അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുക.
ജില്ലാതല അദാലത്തുകളുടെ തീയതി, സ്ഥലം എന്ന ക്രമത്തിൽ ചുവടെ:
തിരുവനന്തപുരം: ജൂലൈ 29, 30- കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കൊല്ലം: 26ന് ഇളമാട് ഗ്രാമപഞ്ചായത്ത് ഹാൾ, 29ന് ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ഹാൾ, പത്തനംതിട്ട: 25, 26- കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാൾ, ആലപ്പുഴ: 26, 27- പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഹാൾ, കോട്ടയം: 26,29- കോട്ടയം ജില്ലാ പഞ്ചായത്ത് ഹാൾ, ഇടുക്കി: 26ന് പൈനാവ് ജില്ലാ പഞ്ചായത്ത് ഹാൾ, എറണാകുളം: 29ന് എറണാകുളം ജില്ലാ പഞ്ചായത്ത് ഹാൾ, 30ന് എറണാകുളം കളക്ടറേറ്റ് ഹാൾ, തൃശൂർ: 23, 24, 26- ഡി.പി.സി ഹാൾ അയ്യന്തോൾ, പാലക്കാട്: 25, 26- കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, മലപ്പുറം: 24, 27, 30- മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാൾ, കോഴിക്കോട്: 22ന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹാൾ, 23ന് നാദാപുരം ഗ്രാമപഞ്ചായത്ത് ഹാൾ, 24ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാൾ, 26ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഹാൾ, വയനാട്: 26ന് പനമരം ഗ്രാമപഞ്ചായത്ത് ഹാൾ, 27ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാൾ, കണ്ണൂർ: 19ന് ജില്ലാ പഞ്ചായത്ത് ഹാൾ, 22ന് കതിരൂർ ഗ്രാമപഞ്ചായത്ത് ഹാൾ, 24ന് ചെറുതാഴം ഗ്രാമപഞ്ചായത്ത് ഹാൾ, 26ന് കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ഹാൾ, 29ന് പേരാവൂർ ഗ്രാമപഞ്ചായത്ത് ഹാൾ, കാസർകോട്: 26ന് അജാനൂർ ഗ്രാമപഞ്ചായത്ത് ഹാൾ, 27ന് കാസർകോട് ഡി.പി.സി ഹാൾ. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് അദാലത്ത്.