തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് യാത്രനിരക്ക് പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന് അധ്യക്ഷനായ കമീഷന്റെ ശിപാര്‍ശ. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍നിന്ന് എട്ടാക്കാനും ശിപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് കൈമാറി. ഒാര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍/ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, വേള്‍വോ തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിലവിലെ നിരക്കില്‍ പത്ത് ശതമാനം വര്‍ധനയാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. കെ.എസ്.ആര്.ടി.സിക്കും ബാധകമാണ്. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന കമീഷന് ശിപാര്‍ശ സര്‍ക്കാറിന്റെ പരിഗനയിലുള്ളതിനാല് ഇതേക്കുറിച്ച് വീണ്ടും പറയുന്നില്ലെന്ന പരാമര്‍ശമാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, മിനിമം നിരക്ക് പത്ത് രൂപയായും വിദ്യാര്‍ഥികളുടേത് നിലവിലെ 14 ശതമാനത്തിന് പകരം 50 ശതമാനമായും ഉയര്‍ത്തണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം.