ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് ജില്ലയില്‍ തുടക്കം

65

തിരുവനന്തപുരം: ഇരുചക്ര വാഹനയാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി പുതുതായി ആരംഭിച്ച ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് ജില്ലയില്‍ തുടക്കം. 51 യാത്രക്കാരുമായി നെയ്യാറ്റിന്‍കരയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പുറപ്പെട്ട ആദ്യ സര്‍വീസ് കെ. ആന്‍സലന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. യാത്ര ചെയ്യുന്നതിന് ഒരുദിവസം 100 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

ആദ്യം രജിസ്റ്റര്‍ ചെയ്ത 100 പേര്‍ക്ക് നിരക്കില്‍ 20 ശതമാനം ഇളവ് നല്‍കിയിട്ടുണ്ട്. നിലവില്‍ മൂന്ന് ബസിനുള്ള ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്നും യാത്രക്കാരുടെ ആവശ്യകതയനുസരിച്ച് കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തുമെന്ന് എം.എല്‍.എ പറഞ്ഞു. ബോണ്ടിന്റെ ഭാഗമായുള്ള എല്ലാ ബസുകളും നോണ്‍ സ്റ്റോപ്പ് ആയിരിക്കും. നിലവില്‍ നെയ്യാറ്റിന്‍കര, നെടുമങ്ങാട് ഡിപ്പോകളില്‍ നിന്നാണ് സര്‍വിസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ വാഹനം സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക യാര്‍ഡ് നിര്‍മിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

കോവിഡ് കണക്കിലെടുത്ത് 10 ദിവസത്തേയ്ക്കു ബുക്ക് ചെയ്യുന്നവര്‍ക്ക് 20 ദിവസത്തെ പാസ് നല്‍കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു. ചടങ്ങില്‍ നെയ്യാറ്റിന്‍കര നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ ഷിബു, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

NO COMMENTS