കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ബുധനാഴ്ച വൈകീട്ട് നടന്ന ചർച്ച അലസിയതിനെ തുടർന്നാണ് തൊഴിലാളികൾ അർധരാത്രി മുതൽ പണിമുടക്ക് ആരംഭിച്ചത്.
2016–17 വർഷത്തെ കസ്റ്റമറി ബോണസ് അനുവദിക്കുക, രണ്ട് ഗഡു ഡി.എ കുടിശ്ശികസഹിതം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ് വിളിച്ചുചേർത്ത ചർച്ച ബസുടമകളുടെ പിടിവാശി മൂലമാണ് അലസിയതെന്ന് സംയുക്ത സമരസമിതി കുറ്റപ്പെടുത്തി. പിന്നീട് കലക്ടർ യോഗം വിളിച്ചെങ്കിലും ബസ് ഉടമകൾ താൽപര്യം കാണിച്ചില്ലെന്നും നേതാക്കൾ ആരോപിച്ചു. തുടർന്ന് പണിമുടക്കുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.