തൃശൂർ : ദേശീയപാത 66 ചാവക്കാട് -കൊടുങ്ങല്ലൂർ റൂട്ടിലെ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാളെ (സെപ്തംബർ 17 നു ) നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ പാതയിലെ കുഴികൾ 7 ദിവസത്തിനുള്ളിൽ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉറപ്പിൻെ്‌റ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. ടി.എൻ. പ്രതാപൻ എം.പി സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
ഈ ബുധനാഴ്ച്ച (സെപ്തംബർ 18) മുതൽ കുഴികൾ അടയ്ക്കുന്ന പ്രവർത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കും. കുഴികളടയ്ക്കൽ ഒരാഴ്ച്ചയ്ക്കുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ വിശ്വാസ വഞ്ചനയ്ക്ക് കേസെടുക്കും. 1 മാസത്തിനുള്ളിൽ റൂട്ടിലെ മുഴുവൻ റീടാറിങ്ങും പാച്ച് വർക്കും പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. 7 കോടി രൂപ അനുവദിച്ച കൊപ്രാക്കളം മുതൽ തളിക്കുളം വരെയുള്ള 12 കിലോമീറ്റർ റോഡ് ടാറിങ്ങും 195 ലക്ഷം രൂപ അനുവദിച്ച തളിക്കുളം മുതൽ മന്ദലാംകുന്ന് വരെയുള്ള റോഡിൻെ്‌റ പാച്ച് വർക്കുമാണ് ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുക.
റോഡിലെ കുഴിയടയ്ക്കൽ പ്രവർത്തികളും ടാറിങ്ങ് പ്രവർത്തികളും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നതിനായി കരാറുകാർക്ക് ആവശ്യമായ നിർദേശം നൽകി പണിപൂർത്തിയാക്കണമെന്ന് യോഗത്തിൽ എം.പി. പറഞ്ഞു. ജില്ലാ കളക്ടർ എസ്. ഷാനവാസ്, എഡിഎം റെജി പി. ജോസഫ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, ബസ് ഉടമകൾ, ബസ് തൊഴിലാളികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.