തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വമ്പിച്ച നേട്ടം

39

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വമ്പിച്ച നേട്ടം. തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനടക്കം 17 ഇടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. നിര്‍ണായക വിജയം പിറവം നഗരസഭയും നേടി.അരൂര്‍, നന്മണ്ട, ശ്രീകൃഷ്‌ണപുരം പഞ്ചായത്ത് ഡിവിഷനുകളില്‍ വിജയം എല്‍ ഡി എഫിനൊപ്പം. മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതു മുന്നണിയാണ് വിജയിച്ചത്.

ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാര്‍ഡുകളില്‍ 17 എണ്ണം എല്‍ഡിഎഫും 13 എണ്ണം യു ഡി എഫും നേടിയപ്പോള്‍ ഒരിടത്ത് ബിജെപിയും ജയിച്ചു.

തിരുവനന്തപുരം

വിതുര ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 3 പൊന്നാംചുണ്ട് 45 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.രവികുമാര്‍ ജയിച്ചു. യുഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു ഇത്. പോത്തന്‍കോട് ബ്ലോക്ക് ഡിവിഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മലയില്‍കോണം സുനില്‍ വിജയിച്ചു .

നേരത്തെ എല്‍ഡിഎഫ് വിജയിച്ച സീറ്റാണ് നിലനിര്‍ത്തിയത്. ബ്ലോക്ക് മെമ്ബറായിരുന്ന ശ്രീകണ്ഠന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. വെട്ടുകാട് വാര്‍ഡ് 1490 വോട്ടിന് എല്‍ ഡി എഫിലെ ക്ലൈനസ് റൊസാരിയോ വിജയിച്ചു.

കൊല്ലം

ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എസ്. ആശയാണ് വിജയിച്ചത്. വിജയം 16 വോട്ടിന്. തേവലക്കര പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ആര്‍.എസ്.പിയിലെ ജി പ്രദീപ്കുമാര്‍ 317 വോട്ടുകള്‍ക്ക് വിജയിച്ചു.

ഇടുക്കി

ഇടമലക്കുടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തില്‍ മത്സരിച്ച ചിന്താമണി കാമരാജിന്റെ ജയം ഒരു വോട്ടിന്. രാജാക്കാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പ്രിന്‍സ് തോമസ് 678 വോട്ടുകള്‍ക്ക് വിജയിച്ചു.

കോട്ടയം

കാണക്കാരി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. കോണ്‍ഗ്രസിന്‍്റെ സിറ്റിങ് സീറ്റ് സിപിഐഎം പിടിച്ചെടുത്തു. സിപിഐഎമ്മിന്‍്റെ വി.ജി. അനില്‍കുമാര്‍ ജയിച്ചത് 338 വോട്ടിന്. മാഞ്ഞൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ സുനു ജോര്‍ജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

എറണാകുളം

കൊച്ചി കോ‍ര്‍പ്പറേഷനിലെ 63-ാം ഡിവിഷന്‍ എല്‍ഡിഎഫിന്‍്റെ ബിന്ദു ശിവന്‍ 687 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റാണിത്. പിറവം നഗരസഭ – 14-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജേഷ് മനോഹര്‍ 20 വോട്ടിന് ജയിച്ചു. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റാണിത്.

പാലക്കാട്

തരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് എല്‍. ഡി. എഫ് നിലനിര്‍ത്തി. എം.സന്ധ്യയാണ്153 വോട്ടിന് ജയിച്ചത്. ഓങ്ങല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി. 380 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐ എമ്മിലെ കെ അശോകന്‍ വിജയിച്ചു.

മലപ്പുറം

മലപ്പുറം തിരുവാലി ഏഴാം വാര്‍ഡില്‍ യു.ഡി.എഫിന്‍റെ അല്ലേക്കാട് അജീസ് 106 വോട്ടുകള്‍ക്ക് വിജയിച്ചത്. ഊര്‍ങ്ങാട്ടിരി വാര്‍ഡ് അഞ്ചില്‍ സത്യന്‍ കോണ്‍ഗ്രസ് 354 വോട്ടുകള്‍ക്ക് വിജയിച്ചു.

മക്കരപറമ്ബില്‍ ഒന്നാം വാര്‍ഡില്‍ സി.ഗഫൂര്‍ മുസ്ലീം ലീഗ് 90 വോട്ടുകള്‍ക്ക് വിജയിച്ചു. പൂക്കോട്ടൂര്‍ വാര്‍ഡ് 14 ല്‍ സത്താര്‍ മുസ്ലീം ലീഗ് 221 വോട്ടുകള്‍ക്ക് വിജയിച്ചു.

കോഴിക്കോട്

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്ബാറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ആദര്‍ശ് ജോസഫിന്‍്റെ വിജയം ഏഴ് വോട്ടിന്. ലിന്‍്റോ ജോസഫ് എംഎല്‍എയായതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്.

NO COMMENTS