തിരുവനന്തപുരം: അഞ്ചു മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പു കളിലേക്കുള്ള മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ തയ്യാര്‍. മൂന്നു മുന്നണികളും പ്രതീക്ഷവെക്കുന്ന ഉപതിരഞ്ഞെടുപ്പുകളാണ് വരാനിരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂര്‍ക്കാവിലും ത്രികോണ മത്സരം പ്രകടമാകും. ഈ മൂന്നു മണ്ഡലങ്ങളും കൈവിട്ടുപോകാതിരിക്കാനുള്ള നെട്ടോട്ടമാണ് യു.ഡി.എഫിന്റേത്. അരൂരില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തുകയെന്നത് എല്‍.ഡി.എഫിന്റെ ബാധ്യതയാണ്. അതിനൊപ്പം, കോന്നിയും മഞ്ചേശ്വരവും ഇടതിനൊപ്പം ചേര്‍ക്കുകയാണ് ലക്ഷ്യം.
വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും രണ്ടാംസ്ഥാനക്കാരായ ബി.ജെ.പി.ക്ക് അതിനപ്പുറമുള്ള ഒരു ‘സ്ഥാനക്കയറ്റം’ ആണു പ്രതീക്ഷ. ശബരിമലയുടെ അലയൊലി വിട്ടൊഴിഞ്ഞിട്ടില്ലെന്നു പ്രതീക്ഷിക്കുന്ന കോന്നിയില്‍ വിജയം ആഗ്രഹിക്കുകയും വട്ടിയൂര്‍ക്കാവിനെയും മഞ്ചേശ്വരത്തെയും പോലെ നിര്‍ണായക സ്വാധീനമുള്ള മണ്ഡലമെന്ന നിലയില്‍ രണ്ടാംസ്ഥാനം പ്രതീക്ഷിക്കുകയുമാണ് ബി.ജെ.പി. ആഭ്യന്തരത്തര്‍ക്കങ്ങളില്ലാതെ എല്‍.ഡി.എഫ്. നേരത്തേ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരുന്നു. അവസാനനിമിഷം വരെ പേരുകള്‍ മാറിമറി ഞ്ഞെങ്കിലും ആശയക്കുഴപ്പങ്ങളും തര്‍ക്കങ്ങളുമുണ്ടായെങ്കിലും യു.ഡി.എഫിനും ബി.ജെ.പി.ക്കും സ്ഥാനാര്‍ഥികളായി.
പാലാ നല്‍കിയ പാഠം യു.ഡി.എഫിനെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുശേഷം ജനകീയത വീണ്ടെടുക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയ സി.പി.എമ്മിന് പാലാ ഫലം നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ലോക്‌സഭയിലെ തിരിച്ചടി ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ്. ജനങ്ങളില്‍നിന്ന് അകന്നുവെന്ന യു.ഡി.എഫിന്റെ വാദത്തിന് പാലാ ഒരു തടയണ തീര്‍ത്തു. പാലായിലെ വോട്ടുചോര്‍ച്ചയ്ക്കു ശേഷം ബി.ഡി.ജെ.എസിനോട് അത്രയ്ക്കു ‘സ്‌നേഹം’ ഇപ്പോള്‍ ബി.ജെ.പി.ക്കില്ല. ആ അസ്വാരസ്യങ്ങള്‍ക്കിടയിലും ബി.ഡി.ജെ.എസിന്റെ തട്ടകമായ ആലപ്പുഴ ജില്ലയിലടക്കം ആത്മവിശ്വാസത്തോടെയാണ് ബി.ജെ.പി. ഇറങ്ങുന്നത്.
യു.ഡി.എഫ്. പ്രചാരണരംഗത്തേക്ക് പൂര്‍ണമായി എത്തിയിട്ടില്ലെങ്കിലും മണ്ഡലംതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കോന്നിയില്‍ കോണ്‍ഗ്രസിനും മഞ്ചേശ്വരത്ത് ലീഗിനും അപസ്വരങ്ങളെ പൂര്‍ണമായി ശമിപ്പിക്കാനായിട്ടില്ല. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ബാധിക്കുന്ന മണ്ഡലങ്ങള്‍ തിരഞ്ഞെടുപ്പ് നടക്കുന്നവയിലില്ലെന്ന ആശ്വാസമാണ് യു.ഡി.എഫ്. നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. നാല് സിറ്റിങ് സീറ്റുകളിലും വിജയം ഉറപ്പാക്കുകയും അരൂരില്‍ അട്ടിമറിജയം നേടുകയുമാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്.
സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസമാണ് തിങ്കളാഴ്ച. അതിനാല്‍, മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണം ഒറ്റദിവസംകൊണ്ട് പൂര്‍ത്തിയാകും.
സ്ഥാനാര്‍ഥികള്‍ – (യു.ഡി.എഫ് – എല്‍.ഡി.എഫ് – എന്‍.ഡി.എ. എന്ന ക്രമത്തില്‍)
വട്ടിയൂര്‍ക്കാവ്: കെ. മോഹന്‍കുമാര്‍, വി.കെ. പ്രശാന്ത്, എസ്. സുരേഷ്
കോന്നി: പി. മോഹന്‍ രാജ്, കെ.യു. ജനീഷ് കുമാര്‍, കെ. സുരേന്ദ്രന്‍
അരൂര്‍: ഷാനിമോള്‍ ഉസ്മാന്‍, മനു സി. പുളിക്കല്‍, കെ.പി. പ്രകാശ് ബാബു
എറണാകുളം: ടി.ജെ. വിനോദ്, മനു റോയ്, സി.ജി. രാജഗോപാല്‍
മഞ്ചേശ്വരം: എം.സി. ഖമറുദ്ദീന്‍, എം. ശങ്കര്‍ റെ, രവീശതന്ത്രി കുണ്ടാര്‍