ഉപതെരഞ്ഞെടുപ്പ് ഫലം നാളെ – വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ.

117

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ കേന്ദ്രം. എട്ടരയോടെ ആദ്യ ഫലസൂചന പുറത്തുവരുമെന്നാണ് പ്രതീക്ഷ.

168 പോളിങ് ബൂത്തുകളിലായാണ് വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്. ആകെ സമ്മതിദായകരിൽ 62.66 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിലെ 1,97,570 വോട്ടർമാരിൽ 1,23,804 പേരാണ് വോട്ട് ചെയ്തത്.

വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 14 ടേബിളുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. 12 റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയാകും.

തപാൽ വോട്ടുകളാകും ആദ്യം എണ്ണുക. ഏഴു മണിയോടെ സ്‌ട്രോങ് റൂമുകൾ തുറന്നു ബൂത്ത് അടിസ്ഥാനത്തിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണുന്ന ടേബിളുകളിൽ സജ്ജീകരിക്കും. കൗണ്ടിങ് ഉദ്യോഗസ്ഥർക്കും സ്ഥാനാർഥികളുടെ ഏജന്റുമാർക്കും തെരഞ്ഞെടുപ്പ് ജോലികൾക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും മാത്രമേ കൗണ്ടിങ് കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാകൂ.

ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും ആ റൗണ്ടിലെ ലീഡ് നിലയും ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടിന്റെ വിവരവും പ്രഖ്യാപിക്കും. ഇതിനു പുറമേ അപ്പപ്പോഴുള്ള ലീഡ് നിലയും മറ്റു വിവരങ്ങളും www.trend.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ തത്സമയവും ലഭ്യമാകും.

മണ്ഡലത്തിലെ അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി തിട്ടപ്പെടുത്തിയതിനു ശേഷമേ ഔദ്യോഗിക ഫലപ്രഖ്യാപമുണ്ടാകൂ. ഏതൊക്കെ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാണ് എണ്ണേണ്ടതെന്ന് നറുക്കിട്ട് തീരുമാനിക്കും.

ഉച്ചയ്ക്ക് രണ്ടു മണിയോടെ ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണലിനുള്ള ക്രമീകരങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി വിലയിരുത്തി. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ തൃപ്തി രേഖപ്പെടുത്തി. ജില്ലാ കളക്ടറും വട്ടിയൂർക്കാവിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുള്ള ഒബ്‌സർവറും വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.

NO COMMENTS