ദില്ലി: 10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു വന്‍ നേട്ടം. ഹിമാചൽ പ്രദേശിലെ ഭോരംഗ്, ഡൽഹിയിലെ രജൗരി ഗാർഡൻ എന്നീ സീറ്റുകളിൽ ബിജെപി വിജയിച്ചു. രജൗരി ഗാർഡനിൽ എഎപി സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് ബിജെപി വിജയിച്ചത്. എഎപിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. അതേസമയം, കർണാടകയിലെ നഞ്ചൻകോട് ബിജെപിയെ പരാജയപ്പെടുത്തി കോണ്ഗ്രസ് സ്ഥാനാർഥി വിജയിച്ചു. മധ്യപ്രദേശിലെ അത്തേർ, ബണ്ടാവഗഡ് എന്നിവിടങ്ങളിലും ബിജെപി ലീഡ് ചെയ്യുകയാണ്. രാജസ്ഥാനിലെ ദോൽപ്പൂരിലും ബിജെപി സ്ഥാനാർഥി വിജയത്തിലേക്കു നീങ്ങുന്നതായാണു സൂചന. പശ്ചിമ ബംഗാളിലെ കാന്തി ദക്ഷിണ് മണ്ഡലത്തിൽ തൃണമൂൽ കോണ്ഗ്രസ് സ്ഥാനാർഥി വിജയമുറപ്പിച്ചു. ഇടതുപക്ഷ സ്ഥാനാർഥി ഇവിടെ മൂന്നാം സ്ഥാനത്താണ്. കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസ് നിലനിർത്തി.നഞ്ചൻഗോഡ് മണ്ഡലത്തിൽ 19611 വോട്ടുകൾക്ക് കല്ലേല കേശവമൂർത്തിയും ഗുണ്ടൽപ്പേട്ടിൽ 10877 വോട്ടിന് ഗീതാ മഹാദേവപ്രസാദും വിജയിച്ചു.ജനതാദൾ എസ് സ്ഥാനാർത്ഥികളെ നിർത്താതെ പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന് നേട്ടമായി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ് സിറ്റിങ് സീറ്റുകളിലെ ജയം.അതേ സമയം കോൺഗ്രസ് വിട്ടുവന്ന മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയെ അടക്കം പ്രചാരണത്തിനിറക്കിയിട്ടും വിജയം കൈവിട്ടത് ബിജെപിക്ക് തിരിച്ചടിയായി. സഹകരണ മന്ത്രി എച്ച് എസ് മഹാദേവപ്രസാദിന്‍റെ മരണത്തെത്തുടർന്നാണ് ഗുണ്ടൽപ്പേട്ടിൽ തെരഞ്ഞെടുപ്പ് നടന്നത്.എംഎൽഎ ആയിരുന്ന ശ്രീനിവാസപ്രസാദ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതാണ് നഞ്ചൻഗോഡ് ഉപതെരഞ്ഞടുപ്പിന് വഴിയൊരുക്കിയത്.
.