പാലാ : പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് (വെള്ളിയാഴ്‌ച ). പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ആദ്യസൂചന വന്നുതുടങ്ങും. വോട്ടെണ്ണലിനായി 14 മേശകള്‍ സജ്ജീകരിച്ചു. ഒന്നുമുതല്‍ എട്ടുവരെ മേശകളില്‍ 13 റൗണ്ടും ഒന്‍പതു മുതല്‍ 14 വരെ 12 റൗണ്ടും എണ്ണും. 176 ബൂത്തുകളിലായി 1,27,939 വോട്ട് പോള്‍ചെയ‌്തു. 28 പോസ‌്റ്റല്‍ വോട്ടുകളും 152 ഇടിപിബി സര്‍വീസ‌് വോട്ടും ഉണ്ട‌്. ആകെ എണ്ണുന്ന വോട്ട് 1,28,119.
പോസ്റ്റല്‍ വോട്ടുകളും ഇടിപിബി സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. തുടര്‍ന്ന് അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ എണ്ണും. എണ്ണുന്നതിനുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, പാലാ മുനിസിപ്പാലിറ്റി, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നീ ക്രമത്തിലാണ് എണ്ണുക.
ഓരോ റൗണ്ടിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോള്‍ വോട്ടുനില നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്ററിന്റെ trend.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.