കുളത്തൂര്‍: മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷിച്ച് മണിക്കൂറുകള്‍ക്കകം യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കുളത്തൂര്‍ എസ്.എന്‍ നഗര്‍ വടക്കതില്‍ വീട്ടില്‍ ജയചന്ദ്രന്‍ – സതി ദമ്ബതികളുടെ മകന്‍ അനുവാണ് (32) മരിച്ചത്. പിറന്നാള്‍ ആഘോഷത്തിനെത്തിയ സുഹൃത്ത് അശ്വതി നഗറില്‍ സജിയെ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10.30ന് കഴക്കൂട്ടം ഹൈവേ ജംഗ്ഷനില്‍ ഗുരുപ്രിയ ജുവലറിക്ക് സമീപമായിരുന്നു അപകടം. അനുവിന്റെ ഏകമകന്‍ അഥര്‍വ്വിന്റെ രണ്ടാം പിറന്നാളായിരുന്നു ഇന്നലെ. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷത്തിനുശേഷം സുഹൃത്തിന്റെ ഡ്യൂക്ക് ബൈക്കില്‍ പെട്രോള്‍ അടിക്കാനായി ഇവര്‍ ജംഗ്ഷനിലേക്ക് പോയി. പെട്രോള്‍ അടിച്ചശേഷം തിരികെ വരും വഴി ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തെറിച്ച് റോഡില്‍ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും അനു മരണപ്പെട്ടു.
വെല്‍ഡിംഗ് തൊഴിലാളിയായിരുന്ന അനു അടുത്തകാലത്തായി ഇലക്‌ട്രീഷ്യനായി ജോലി നോക്കി വരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജയലക്ഷ്മിയാണ് ഭാര്യ. പരേതനായ അനൂപ് സഹോദരനാണ്. ബൈപ്പാസില്‍ ബാര്‍ബര്‍ഷോപ്പും ബ്യൂട്ടി പാര്‍ലറും നടത്തുകയാണ് സജി. കഴക്കൂട്ടം പൊലീസ് കേസെടുത്തു.