രണ്ടാം മാറാട് കൂട്ടക്കൊലക്കേസ് അന്വേഷണം ഹൈക്കോടതി സി.ബി.ഐ ക്ക് വിട്ടു

226

കോഴിക്കോട്: രണ്ടാം മാറാട് കൂട്ടക്കൊലക്കേസ് അന്വേഷണം ഹൈക്കോടതി സി.ബി.ഐ ക്ക് വിട്ടു. കലാപത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാനാണ് സി.ബി.ഐ യോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 2003 മെയ് രണ്ടിനായിരുന്നു രണ്ടാം മാറാട് കലാപം. മാറാട് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ്.പി.ജോസഫ് സര്‍ക്കാരിന് മുന്‍പ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ച്‌ രണ്ടാം മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദബന്ധം പ്രത്യേക കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കൊളക്കാടന്‍ മൂസഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
നേരത്തെ സി.ബി.ഐ ഈ കേസ് അന്വേഷിക്കാന്‍ വിമുഖത കാട്ടിയെങ്കിലും പിന്നീട് കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെയാണ് അന്വേഷണം സി.ബി.ഐ ക്ക് വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്. സി.ബി.ഐ ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കേരള ഹൈക്കോടതിയില്‍ ആഗസ്ത് ഒന്നിനായിരുന്നു സി.ബി.ഐ സ്റ്റാന്റിങ് കൗണ്‍സില്‍ മുഖേന അന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.എ അറിയിച്ചത്. ക്രൈംബ്രാഞ്ച് റിട്ട സൂപ്രണ്ടും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനുമായ സി.എം.പ്രദീപ്കുമാര്‍ കേസില്‍ കക്ഷി ചേര്‍ന്നതിനെ തുടര്‍ന്നാണ് സി.ബി.ഐ നിലപാട് മാറ്റിയത്. തുടര്‍ന്ന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ അന്വേഷണം ഏറ്റെടുക്കുമെന്നും സി.ബി.ഐ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ അന്വേഷണം ഉടന്‍ മുന്നോട്ട് കൊണ്ട് പോവാമെന്നുള്ള പ്രതീക്ഷയിലാണ് സി.ബി.ഐ. രണ്ടാം മാറാട് കലാപത്തിനു പിന്നില്‍ ഗൂഡാലോചന നടന്നതായി സംശയിക്കുന്നെന്നും, ഇക്കാര്യം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് വിശദമായി അന്വേഷിപ്പിക്കണമെന്നും സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ തോമസ്.പി.ജോസഫ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ് 2012 ല്‍ കൊളക്കാടന്‍ മൂസഹാജി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 2003 മേയ് രണ്ടിന് മാറാട് കടല്‍ത്തീരത്ത് നടന്ന കൂട്ടക്കൊലയില്‍ ഒമ്ബത് പേരായിരുന്ന കൊല്ലപ്പെട്ടത്. കഴിഞ്ഞ എല്‍.ഡി.എഫ് ന്റെ ഭരണകാലത്തും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും കേരളാ പോലീസിലെ ഐജിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നതിനാല്‍ രണ്ടാമതൊരു അന്വേഷണത്തിന് തയാറല്ലെന്നായിരുന്നു അന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചത്.

NO COMMENTS

LEAVE A REPLY