ന്യൂഡല്‍ഹി • സിബിഎസ്‌ഇ 10-ാം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധിതമാക്കണമെന്ന നിര്‍ദേശം പരിഗണിച്ചു കേന്ദ്രസര്‍ക്കാര്‍ ഉടനെ തീരുമാനമെടുക്കുമെന്നു മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. എട്ടാം ക്ലാസ് വരെ ഓള്‍ പാസ് അനുവദിക്കണമോയെന്നു തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്യണമെന്നു കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് (സിഎബിഇ – കേബ്) നിര്‍ദേശിച്ചു. സിബിഎസ്‌ഇയുടെ 10-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ കേബ് യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, എല്ലാ സംസ്ഥാന ബോര്‍ഡുകളും നിലവില്‍ പരീക്ഷ നടത്തുന്നുണ്ടെന്നും പ്രശ്നമുള്ളതു സിബിഎസ്‌ഇയുടെ കാര്യത്തില്‍ മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
സിബിഎസ്‌ഇയുടെ മാത്രം വിഷയമായതിനാല്‍ കേന്ദ്രമാണു തീരുമാനമെടുക്കേണ്ടത്. നിര്‍ബന്ധിത ബോര്‍ഡ് പരീക്ഷയെന്ന രീതി പുനഃസ്ഥാപിക്കുന്നുവെങ്കില്‍ത്തന്നെ 2018 മുതലേ നടപ്പാക്കുകയുള്ളു. എട്ടാം ക്ലാസ് വരെ എല്ലാവരെയും ജയിപ്പിക്കുകയെന്ന രീതി വിദ്യാഭ്യാസ നിലവാരത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണു വിലയിരുത്തല്‍. ഈ രീതി ഒഴിവാക്കണമെന്നു കേരളം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അഞ്ച്, എട്ട് ക്ലാസുകളില്‍ പരീക്ഷ ഏര്‍പ്പെടുത്തുകയെന്നതാണു പരിഗണിക്കുന്ന നിര്‍ദേശം. ഓരോ ക്ലാസിലും വിദ്യാര്‍ഥി നേടേണ്ട നിലവാരം എന്തെന്നു വിദ്യാഭ്യാസ നിയമത്തിന്റെ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യണമെന്നും കേബ് യോഗം തീരുമാനിച്ചെന്നു മന്ത്രി പറഞ്ഞു. പരിശീലനമില്ലാത്ത അധ്യാപകര്‍ക്കു വിദ്യാഭ്യാസ അവകാശ നിയമം പാസായി മൂന്നു വര്‍ഷത്തിനുള്ളില്‍ പരിശീലനം ലഭ്യമാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, അതു പൂര്‍ണമായി നടപ്പായിട്ടില്ല. അഞ്ചു വര്‍ഷത്തിനുള്ളില്‍ (2020) പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്നതിനു വ്യവസ്ഥ ചെയ്യാനും നിയമത്തില്‍ ഭേദഗതി കൊണ്ടുവരും.