തിരുവനന്തപുരം രാജ്യാന്തര ഫുട്ബോള്‍ താരം സി.കെ. വിനീതിന് നഷ്ടപ്പെട്ട ജോലി തിരിച്ചുനല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. അല്ലെങ്കില്‍ കേരളം ജോലി നല്‍കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. 2012ല്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ എജീസ് ഓഫിസിലെ ഓഡിറ്ററായി പ്രവേശനം നേടിയതാണു വിനീത്. എന്നാല്‍ വിനീതിനെ സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ടതായി ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങിയിരുന്നു. ജാലിയില്‍ കയറിയ വിനീതിന്റെ പ്രബേഷന്‍ കാലാവധി 2014 മേയില്‍ അവസാനിക്കേണ്ടതാണെങ്കിലും ഹാജര്‍ കുറവായതിന്റെ പേരില്‍ രണ്ടുവര്‍ഷം നീട്ടിയിരുന്നു. ഈ കാലാവധി 2016 മേയില്‍ അവസാനിച്ചു. പ്രബേഷന്‍ കാലാവധി ഇരട്ടിയിലേറെ നീട്ടാനാവില്ലെന്ന സര്‍വീസ് ചട്ടം പറഞ്ഞാണ് ഈ മാസം ഏഴാം തീയതി പിരിച്ചുവിട്ടതായി ഉത്തരവിറങ്ങിയത്. പിരിച്ചുവിടല്‍ നീക്കം അറിഞ്ഞതോടെ, എന്തുകൊണ്ടാണ് ഓഫിസില്‍ ഹാജരാവാന്‍ കഴിയാത്തതെന്നു വ്യക്തമാക്കി വിനീത് ബുധനാഴ്ച തിരുവനന്തപുരത്തെ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍മാര്‍ക്ക് ഇമെയില്‍ അയച്ചിരുന്നു. ഫിഫ അംഗീകാരമുള്ള വിവിധ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിന്റെ തിരക്കുമൂലമാണ് ഓഫിസില്‍ വരാനാവാത്തതെന്നും ദേശീയ ടീമില്‍ എത്താനുള്ള വഴിയാണ് ഈ ടൂര്‍ണമെന്റുകളെന്നും കത്തില്‍ വിശദമാക്കിയ വിനീത് ഈ സാഹചര്യത്തില്‍ പിരിച്ചുവിടല്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.