കടക്ക് പുറത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മസ്‌ക്കറ്റ് ഹോട്ടലിലെ ജീവനക്കാരോട് വിശദീകരണം തേടി

399

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് ആജ്ഞാപിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. മസ്‌ക്കറ്റ് ഹോട്ടലിലെ ജീവനക്കാരോടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരിക്കുന്നത്.മസ്‌ക്കറ്റ് ഹോട്ടലിലെ ജനറല്‍ മാനേജരേയും അസിസ്റ്റന്റ് മാനേജരേയും നേരിട്ട് വിളിച്ചുവരുത്തിയാണ് വിശദീകരണം ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധാരണ വിലക്ക് ഏര്‍പ്പെടുത്താറില്ലെന്ന് ഹോട്ടല്‍ അധകൃതര്‍ വിശദീകരിച്ചു. ഇവരില്‍ നിന്നും രേഖാമൂലം വിശദീകരണ കുറിപ്പ് കൂടി എഴുതി വാങ്ങിയ ശേഷമാണ് തിരിച്ചയച്ചത്.സിപിഎം- ബിജെപി സംഘട്ടനം രൂക്ഷമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തര സമാധാന യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയാണ് മുഖ്യമന്ത്രി കയര്‍ത്തത്. ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരമാണ് മുഖ്യമന്ത്രി സമാധാന യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നാണ് മുഖ്യമന്ത്രി ആക്രോശിച്ചത്. മുഖ്യമന്ത്രിയുടെ ആക്രോശം വലിയ വിവാദത്തിന് തിരി കൊളുത്തുകയും ചെയ്തിരുന്നു.

NO COMMENTS