തിരുവനന്തപുരം: കേരളത്തിലെ ബന്ധു നിയമന വിവാദം ചര്‍ച്ച ചെയ്യുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സിപിഎം കേന്ദ്ര നേതാക്കള്‍ പങ്കെടുക്കില്ല. വിഷയം ഗൗരവമേറിയതാണെന്നും സംസ്ഥാന ഘടകത്തിന്റെ തീരുമാനം എന്താണെന്ന് നോക്കി ഭാവി സമീപനം തീരുമാനിക്കുമെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു.ബന്ധുനിയമന വിവാദം പാര്‍ട്ടിയെ പിടിച്ചു കുലുക്കിയ സാഹചര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വവും വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.തിരുത്തല്‍ നടപടി വേണം എന്നാണ് കേന്ദ്ര നേതൃത്വം നല്കിയ നിര്‍ദ്ദേശം. തിരുത്തലിനുള്ള നടപടികള്‍ തുടങ്ങിയെന്നും കേന്ദ്ര നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേരുന്ന സുപ്രധാന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് കേന്ദ്ര നേതാക്കള്‍ ആരും പോകുന്നില്ല.സംസ്ഥാനത്ത് പ്രശ്നം പരിഹരിക്കും എന്നാണ് സംസ്ഥാന നേതാക്കള്‍ അറിയിച്ചിരുക്കുന്നത്.സംസ്ഥാനത്ത് കൈക്കൊള്ളുന്ന തീരുമാനം തൃപ്തികരമല്ലെന്ന ആക്ഷേപമുണ്ടെങ്കില്‍ ഇടപെടും. അച്ചടക്കനടപടിക്ക് തീരുമാനിച്ചാലും പിബിയുടെ അംഗീകാരം വാങ്ങേണ്ടി വരും ഏറെ ഗൗരവമേറിയ സംഭവമാണിതെന്ന് കേന്ദ്ര നേതാക്കള്‍ പറഞ്ഞു. ഇപി ജയരാജനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റുന്നത് പോലുള്ള നടപടികള്‍ക്ക് ഒന്നും ഇതു വരെ നിര്‍ദ്ദേശമില്ല. അതിനാല്‍ ഇപ്പോഴുണ്ടായ തെറ്റുതിരുത്തുക, ഒപ്പം കര്‍ശന മുന്നറിയിപ്പ് നല്‍കുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കടുത്ത അതൃപ്തി പിബി യോഗത്തില്‍ അറിയിച്ചെന്നാണ് സൂചന.