സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ കലാകാരന്മാരെ കണ്ടുപിടിക്കാന്‍ ‘ടാലന്റ് ഹണ്ട്’ നടത്തും: വിദ്യാഭ്യാസമന്ത്രി

269

തൃശൂര്‍: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കലാരംഗത്തെ വിവിധ പ്രതിഭകളെ കണ്ടെത്തുന്നതിനു വേണ്ടി ടാലന്റ് ഹണ്ട് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ ഇതിനായി അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. കൊച്ചി-ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പരിപാടിയുടെ തൃശൂര്‍ നന്തിക്കര ഗവ സ്‌കൂളില്‍ നടന്ന പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്രായത്തില്‍ തന്നെ കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനാണ് ടാലന്റ് ഹണ്ട്.കൊച്ചി ബിനാലെയുടെ എബിസി പരിപാടി കുട്ടികളെ ഏറെ ആനന്ദിപ്പിച്ചുവെന്ന് ഇവിടുത്തെ അന്തരീക്ഷത്തില്‍ നിന്നുതന്നെ മനസിലാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മാര്‍ച്ച് 10 വെള്ളിയാഴ്ചയാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ ത്രിദിന ക്യാമ്പ് നന്തിക്കര സ്‌കൂളില്‍ തുടങ്ങിയത്. ആര്‍ട്ടിസ്റ്റ് പി പ്രിയരഞ്ജിനി, നാടകപ്രവര്‍ത്തകന്‍ ശരത് സഭ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലന കളരി. നാടകത്തെയും ലളിതകലയെയും കുറിച്ചുള്ള പ്രാഥമിക പാഠങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കുന്നത് ലക്ഷ്യമിട്ടായിരുന്നു പരിപാടി. പങ്കെടുത്ത അമ്പതോളം കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കുട്ടികളിലെ കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടിയും അവരിലെ സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് എബിസി തലവന്‍ മനു ജോസ് പറഞ്ഞു. കേരളത്തിലെ 90 സ്‌കൂളുകളിലായി 4000 കുട്ടികളിലേക്ക് എബിസിയുടെ പരിപാടികള്‍ എത്തിയിട്ടുണ്ട്. മാര്‍ച്ച് അവസാനിക്കുന്നതോടെ 14 ജില്ലകളിലെ 5000 സ്‌കൂള്‍ കുട്ടികളിലേക്ക് എബിസിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

NO COMMENTS

LEAVE A REPLY