തിരുവനന്തപുരം: ഇടമലയാര്‍ ഉള്‍വനങ്ങളിലെ വാരിയം കോളനിയില്‍ താമസിക്കുന്ന ആദിവാസികളെ പുനരധിവസിപ്പിക്കുമെന്ന് കേരള സര്‍ക്കാര്‍.
മുതുവാന്‍മന്നാന്‍ വിഭാഗത്തില്‍പ്പെടുന്ന 8 ആദിവാസി സെറ്റില്‍മെന്റുകളിലെ 67 കുടുംബങ്ങളുടെ ഉള്‍വനത്തിലെ ഒറ്റപ്പെട്ട അവസ്ഥയും ജീവിത സൗകര്യങ്ങളുടെ അപര്യാപ്തതയും, വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്താണ അവരെ പന്തപ്രയിലെ ഉരുളന്‍തണ്ണിതേക്ക് പ്ലാന്റേഷനിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗത്തലാണ് തീരുമാനം കൈക്കൊണ്ടത്. മാത്രമല്ല, ഇവര്‍ക്ക് ഓരോ കുടുംബത്തിനും 2 ഏക്കര്‍വീതവും, മറ്റ് പൊതു വികസനങ്ങള്‍ക്കായി 26.8 ഏക്കറും (20 ശതമാനവും) ഭൂമി മേല്‍ പ്ലാന്റേഷനിലെ തിരഞ്ഞെടുത്ത ഭാഗങ്ങളില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.
പുനരധിവാസത്തിനുളള സത്വര നടപടികള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും വനം വകുപ്പും സംയുക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്.
കോഴിക്കോട് വിജിലന്‍സ് ട്രിബ്യൂണലായി ഗീത. വി.യെ നിയമിക്കാന്‍ തീരുമാനിച്ചു.
കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്‍റ് കോര്‍പറേഷന് ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതിനുളള സര്‍ക്കാര്‍ ഗ്യാരന്‍റി 3 കോടി രൂപയില്‍നിന്നും 6 കോടിയായി വര്‍ദ്ധിപ്പിച്ച് അഞ്ചു വര്‍ഷത്തേക്ക് ഗ്യാരന്‍റി വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കാന്‍ തീരുമാനിച്ചു.
തൃശ്ശൂര്‍ സര്‍ക്കാര്‍ ഡന്‍റല്‍ കോളേജില്‍ ഓര്‍ത്തോഡോണ്ടിക്സ് വിഭാഗത്തില്‍ ഒരു പ്രൊഫസര്‍ തസ്തികയും പ്രോസ്തോഡോണ്ടിക്സ്, ഓറല്‍ പത്തോളജി എന്നീ വിഭാഗങ്ങളിലായി ഓരോ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.