യു ഡി എഫ് സര്‍ക്കാരിന്റെ വിവാദ ഉത്തരവുകളില്‍ നിയമലംഘനം നടന്നതായി സി എ ജി റിപ്പോര്‍ട്ട്

250

തിരുവനന്തപുരം: ഇക്കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകളില്‍ കടുത്ത നിയമലംഘനം നടന്നതായി സി എ ജി റിപ്പോര്‍ട്ട്. മെത്രാന്‍ കായല്‍, കടമക്കുടി അടക്കമുള്ള തീരുമാനങ്ങള്‍ ചട്ടം പാലിക്കാതെയെന്ന് റിപ്പോര്‍ട്ടിലുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വന്‍കിട പദ്ധതികളിലെല്ലാം ക്രമക്കേട് കണ്ടെത്തിയതായാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ചട്ടവിരുദ്ധമായ തീരുമാനങ്ങളിലാണ് മുഖ്യമന്ത്രി ഒപ്പ് വച്ചതെന്നും നിയമസഭയില്‍വെച്ച സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതിലും ചട്ടലംഘനം നടന്നു. 2013 മുതല്‍ 2016 വരെ അനുവദിച്ച പാര്‍ലറുകളില്‍ ചട്ടലംഘനം നടന്നാതായാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഴ് ബാറുകളും 78 ബിയര്‍ പാര്‍ലറുകളും അനുവദിച്ചതില്‍ സുതാര്യതയില്ല. സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാണ് ബിയര്‍ പാര്‍ലറുകളും ബാറുകളും അനുവദിച്ചത്. ഗുണനിലവാരമില്ലാത്ത 1.07 ലിറ്റര്‍ മദ്യം നശിപ്പിച്ചില്ല, ഗുണമേന്മയില്ലാത്ത 3.67 കെയ്‌സ് ബ്രാന്‍ഡി നശിപ്പിച്ചില്ല തുടങ്ങിയ ഗുരുതരമായ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഹരിപ്പാട് മെഡി.കോളേജ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളും ചട്ടം പാലിക്കാതെയെന്ന് സി എ ജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കപ്പെട്ടതായും കണ്ടെത്തലുണ്ട്. മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ അന്നത്തെ സര്‍ക്കാരിന് സാധിച്ചില്ല. റവന്യൂ കുടിശിക 2323.02 കോടിയായി ഉയരാന്‍ കാരണവും സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് സി എ ജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY