തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾ കണ്ടെയ്ൻമെന്റ് സോണുകളിൽ നടത്തുമ്പോൾ കടുത്ത ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. 20 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഒരു പരിപാടിയും കണ്ടെയ്ൻമെന്റ് സോണിൽ നടത്തരുത്. കണ്ടെയ്ൻമെന്റ് സോണിനു പുറത്തും വലിയ തോതിലുള്ള ആൾക്കൂട്ടം ഒഴിവാക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണു നിയന്ത്രണങ്ങൾ.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കർശനമാക്കാൻ ഇന്നലെ (21 നവംബർ) ചേർന്ന എം.സി.സി. മോണിറ്ററിങ് സെൽ യോഗത്തിൽ കളക്ടർ പറഞ്ഞു. കോവിഡ് വ്യാപനം വലിയ രീതിയിൽ നിയന്ത്രിച്ചു നിർത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഈ സ്ഥിതിയിൽനിന്നു പിന്നോട്ടുപോകാനാകില്ല. ഇതു മുൻനിർത്തി രോഗവ്യാപനം തടയാനുള്ള എല്ലാ നിയന്ത്രണങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കർശനമാക്കണം. ഇക്കാര്യം എംസിസി സ്‌ക്വാഡുകൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രചാരണത്തന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിൽ ഒരു സമയം സ്ഥാനാർഥി ഉൾപ്പെടെ അഞ്ചു പേർ മാത്രമേ പാടുള്ളൂവെന്നത് കർശനമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു.
നിയമം ലംഘിച്ചു സ്ഥാപിച്ച 177 പ്രചാരണോപാധികൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നിയമാനുസൃതമാണോ എന്നു പരിശോധിക്കുന്നതിനാണ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചത്. വരും ദിവസങ്ങളിലും ഇവരുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. സ്‌ക്വാഡിന്റെ എണ്ണം കൂട്ടുന്ന കാര്യവും പരിശോധിക്കും.
രാഷ്ട്രീയ കക്ഷികളും മറ്റു സംഘടനകളും വഴിയോരങ്ങളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന പ്രചാരണേതര ബോർഡുകളും പോസ്റ്ററുകളും രണ്ടു ദിവസത്തിനകം നീക്കം ചെയ്യണം. വീഴ്ച വരുത്തിയാൽ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇവ നീക്കം ചെയ്യുന്നതും അതിന്റെ ചെലവ് അതതു രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന എംസിസി മോണിറ്ററിങ് സെൽ യോഗത്തിൽ കൺവീനറും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുമായ ത്രേസ്യാമ്മ ആന്റണി, ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ എന്നിവർ പങ്കെടുത്തു.