കാൻസർ ചികിത്സാരംഗത്ത് വൻമാറ്റത്തിന് കാൻസർ കെയർ ബോർഡ് –

116

തിരുവനന്തപുരം:കാൻസർ പ്രതിരോധ, ചികിത്സാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ സംസ്ഥാനത്ത് പുതുതായി കാൻസർ കെയർ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആരോഗ്യരംഗത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് കാൻസർ.

പ്രതിവർഷം 50,000 ത്തിലേറെ പേർ കാൻസർ രോഗ ബാധിതരാകുന്നു എന്നാണ് ഏകദേശ കണക്ക്. ഈ സാഹചര്യത്തിൽ വിദഗ്ധ ഡോക്ടർമാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന കൂട്ടായ സംരംഭങ്ങൾ ഉണ്ടാകേണ്ട തുണ്ട്. സംസ്ഥാനത്ത് മൂന്ന് കാൻസർ സെന്ററുകൾ, മെഡിക്കൽ കോളേജുകൾ, ആരോഗ്യ വകുപ്പിന്റെ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് കാൻസർ ചികിത്സ ലഭ്യമാകുന്നത്. ഇവയെ ഏകോപിപ്പിക്കു ന്നതിന് കാൻസർ സ്ട്രാറ്റജി ആക്ഷൻ പ്ലാനിന്റെ ഭാഗമായാണ് കാൻസർ കെയർ ബോർഡ് സ്ഥാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ചേമ്പറിൽ നടന്ന ഉന്നതതലയോഗ ത്തിലാണ് കാൻസർ കെയർ ബോർഡ് രൂപീകരിക്കാൻ തീരുമാനമായത്.
കാൻസർ പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങൾ ക്കായുള്ള നയരൂപീകരണം, ഗുണനിലവാരമുള്ള ചികിത്സക്ക് മാർഗനിർദേശരേഖ ഉണ്ടാക്കുക, പ്രതിരോധ പ്രവർത്തനങ്ങൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ, മരുന്ന് സംഭരണം, പുതിയ ഉപകരണങ്ങൾ വാങ്ങുക എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കുക ഇനി ബോർഡായിരിക്കും.
ബോർഡിന് സംസ്ഥാനതല സമിതിയും ജില്ലാതല സമിതിയുമുണ്ടാകും.

സംസ്ഥാനതല സമിതിയിൽ ആരോഗ്യ വകുപ്പ് മന്ത്രി അധ്യക്ഷയായിരിക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, റീജിയണൽ കാൻസർ സെന്ററുകളിലെ ഡയറക്ടർമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ കാൻസർ വിദഗ്ധൻ എന്നിവർ അംഗങ്ങളാകും.

സംസ്ഥാനതല സമിതിയ്ക്ക് താഴെ കാൻസർ പ്രതിരോധം, ചികിത്സ, മരുന്നുകൾ വാങ്ങുക, ഉപകരണങ്ങൾ വാങ്ങുക എന്നിവയ്ക്കായി സബ് കമ്മിറ്റികളും ഉണ്ടായിരിക്കും. ഇതിന്റെ അനുബന്ധമായാണ് ജില്ലാ കമ്മിറ്റികൾ പ്രവർത്തിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസറായിരിക്കും ജില്ലാതല കമ്മിറ്റിയുടെ മേൽനോട്ടം. ഈ കമ്മിറ്റിയായിരിക്കും ജില്ലയിലെ കാര്യങ്ങൾ തീരുമാനിക്കുന്നതും സംസ്ഥാന സമിതിയിലേക്ക് കാര്യങ്ങൾ അറിയിക്കുകയും ചെയ്യുന്നത്.

കാൻസർ ചികിത്സ നൽകുന്ന എല്ലാ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചുള്ള കാൻസർ ഗ്രിഡിലൂന്നിയായിരിക്കും ഇത് നടപ്പിലാക്കുക. അതിനാൽ സ്വകാര്യ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും ഇതിൽ പ്രധാന പങ്കുണ്ടായിരിക്കും.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗെഡ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, ആർ.സി.സി. ഡയറക്ടർ, ഡോ. രേഖ എ. നായർ, എം.സി.സി. ഡയറക്ടർ ഡോ. ബി. സതീഷ്, കൊച്ചിൻ കാൻസർ സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ്, എൻ.സി.ഡി. നോഡൽ ഓഫീസർ ഡോ. ബിപിൻ ഗോപാൽ, ഡോ. രാംദാസ്, ഡോ. എ. സജീദ്, ഡോ. ആർ. മഹാദേവൻ, ഡോ. ടി. അജയകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

NO COMMENTS