കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിൽ

213

മലപ്പുറം : പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം വീണ്ടും പ്രതിസന്ധിയിലായി. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് പിന്നാലെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എ പി അനില്‍കുമാര്‍ എംഎല്‍എ. വണ്ടൂര്‍ എംഎല്‍എ ആയിട്ട് തുടരാനാണ് താല്‍പര്യമെന്നും അനില്‍കുമാര്‍ വ്യക്തമാക്കി. ആലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫിനെ അനില്‍കുമാറിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആലപ്പുഴ എംപിയായ കെ സി വേണുഗോപാല്‍ മത്സരിക്കാനില്ലെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലേക്ക്‌ പരിഗണിച്ചിരുന്ന ഉമ്മന്‍ചാണ്ടിയും മത്സരിക്കാനില്ലെന്ന കാര്യം അറിയിച്ചു. വടകര മണ്ഡലത്തില്‍ നേരത്തെ സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ്‌ അടുത്തതോടെ മത്സരിക്കാനില്ലെന്ന നിലപാടിലാണ്‌ കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രനും.

മുതിര്‍ന്ന നേതാക്കള്‍ എല്ലാം മത്സരിക്കാനില്ലെന്ന് പറഞ്ഞ് പിന്മാറുന്നത് അഖിലേന്ത്യ കോണ്‍ഗ്രസ്‌ കമ്മിറ്റിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍, വി എം സുധീരന്‍ എന്നിവര്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞത് ഹൈക്കമാന്‍ഡില്‍ അതൃപ്‌തി‌യുണ്ടാക്കി. എന്നാല്‍, ഇന്ന്‌ കണ്ണൂരില്‍ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന രീതിയില്‍ കെ സുധാകരന്‍ സംസാരിച്ചിരുന്നു.

ഇടതു പക്ഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണം ആരംഭിക്കുന്ന ഘട്ടത്തിലും സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാകാത്തത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

NO COMMENTS