സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് കൃത്യമായി സൂക്ഷിക്കണം

42
Expense Reduction Concept . 3d rendered illustration

കാസറഗോഡ് : ജനപ്രാതിനിധ്യ നിയമം, 1951 സെക്ഷന്‍ 77 പ്രകാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിയും സ്വന്തമായോ ഇലക്ഷന്‍ ഏജന്റ് മുഖേനയോ തെരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട് പ്രത്യേകമായ കണക്ക് കൃത്യമായി സൂക്ഷിക്കണം. സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടതു മുതല്‍ ഫലപ്രഖ്യാപനം വരെ, രണ്ട് ദിവസങ്ങളും ഉള്‍പ്പെടെയുള്ള ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ സൂക്ഷിക്കണം. ഇത് 30,80,000 രൂപയില്‍ കവിയാന്‍ പാടില്ല. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളില്‍, മുഴുവന്‍ സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കിന്റെ കോപ്പി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ചെലവുകളുടെ കണക്ക് സമര്‍പ്പിക്കാതിരിക്കുന്നത് ജനപ്രാതിനിധ്യ നിയമം, 1951 സെക്ഷന്‍ 10 എ പ്രകാരം സ്ഥാനാര്‍ഥിയുടെ അയോഗ്യതയ്ക്ക് കാരണമായേക്കാം.

മൂന്ന് ഭാഗങ്ങളുള്ള രജിസ്റ്റര്‍

നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ വരണാധികാരി സ്ഥാനാര്‍ഥിക്ക് നല്‍കുന്ന രജിസ്റ്ററില്‍ തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കുകള്‍ രേഖപ്പെടുത്തണം. മൂന്ന് ഭാഗങ്ങളുള്ള രജിസ്റ്ററിലെ വെള്ള നിറത്തിലുള്ള പാര്‍ട്ട് എ യില്‍ ദൈനംദിന കണക്കുകള്‍ എഴുതുക. പിങ്ക് നിറത്തിലുള്ള പാര്‍ട്ട് ബി കാഷ് രജിസ്റ്ററാണ്. മഞ്ഞ നിറത്തിലുള്ള പാര്‍ട്ട് സി ബാങ്ക് രജിസ്റ്ററാണ്. ഈ രജിസ്റ്ററുകള്‍ സ്ഥാനാര്‍ഥി പ്രചാരണ കാലയളവില്‍ മൂന്ന് തവണ പരിശോധയ്ക്കായി ഹാജരാക്കണം. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍, സഹ ചെലവ് നിരീക്ഷകന്‍ എന്നിവര്‍ രജിസ്റ്റര്‍ പരിശോധിക്കും.

സ്ഥാനാര്‍ഥിയുടെ ചെലവുകളുടെ നിഴല്‍ രജിസ്റ്റര്‍ ചെലവ് നിരീക്ഷകര്‍ സൂക്ഷിക്കും. ഓരോ ഇനത്തിനും സാമഗ്രികള്‍ക്കും മറ്റുമുള്ള നിരക്ക് അനുസരിച്ച് ഇതില്‍ ചെലവുകള്‍ കണ്ടെത്തി രേഖപ്പെടുത്തും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തലേദിവസം തന്നെ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി മാത്രം ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുറന്നിരിക്കണം. എല്ലാ ചെലവുകളും ഈ അക്കൗണ്ട് വഴി മാത്രമേ നടത്താന്‍ പാടുള്ളൂ. 10,000 രൂപയില്‍ കൂടുതലുള്ള എല്ലാ ചെലവുകളും അക്കൗണ്ട് പേയീ ചെക്ക് വഴി മാത്രമേ നടത്താവൂ. ഒരാള്‍ക്ക് തെരഞ്ഞെടുപ്പ് കാലയളവ് മുഴുവന്‍ 10,000 രൂപയില്‍ കൂടുതല്‍ പണമായി നല്‍കാന്‍ പാടില്ല. പണമായി നല്‍കുന്നതിന്റെ കണക്കും രജിസ്റ്ററില്‍ കാണിക്കണം. സ്ഥാനാര്‍ഥിക്ക് സംഭാവനയായോ മറ്റോ വ്യക്തിയോ സ്ഥാപനമോ പണമായി നല്‍കുന്നതും 10,000 രൂപയില്‍ കൂടാന്‍ പാടില്ല.

ഓരോ മണ്ഡലത്തിനും പ്രത്യേകം കണക്ക്

ഒരു സ്ഥാനാര്‍ഥി ഒന്നിലധികം മണ്ഡലങ്ങളില്‍നിന്ന് മല്‍സരിക്കുന്നുണ്ടെങ്കില്‍ ഓരോ മണ്ഡലത്തിനും പ്രത്യേകം കണക്ക് സൂക്ഷിക്കണം. ഓരോ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പും പ്രത്യേക തെരഞ്ഞെടുപ്പായാണ് കണക്കാക്കപ്പെടുന്നത്.

താരപ്രചാരകര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ താരപ്രചാരകരുടെ യാത്രയുടെ ചെലവ് സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തുന്നതിന് മാത്രമാണ് ഇളവുള്ളത്. പക്ഷേ, താരപ്രചാരകന്‍ തന്നെ സ്ഥാനാര്‍ഥിയാണെങ്കില്‍, ആ സ്ഥാനാര്‍ഥി മണ്ഡലത്തില്‍ നടത്തുന്ന പ്രചാരണത്തിന്റെ ചെലവുകള്‍ മുഴുവന്‍ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടും. അതിന് ഇളവുണ്ടാവില്ല.

NO COMMENTS