കോഴിക്കോട് : എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറ്റിൽനിന്നും 3 പാക്കറ്റ് കഞ്ചാവ് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ അമ്പായത്തോട് വച്ച് പൊലീസിനെ കണ്ടതിനു പിന്നാലെയാണു ഷാനിദ് കയ്യിലുണ്ടായിരുന്ന പൊതി വിഴുങ്ങിയത്.
ഇവയിൽ 2 പാക്കറ്റുകളിൽ ക്രിസ്റ്റൽ തരികളും ഒന്നിൽ ഇല പോലുള്ള വസ്തുവുമാണ് ഇത് കഞ്ചാവാണെന്നാണു നിഗമനം. പെട്ടെന്നു ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ നിർദേശിച്ചെങ്കിലും ഷാനിദ് സമ്മതപത്രം ഒപ്പിട്ടു നൽകാൻ വിസമ്മതിച്ചുവെന്നാണു വിവരം. ബന്ധുക്കളും നിയമ വിദഗ്‌ധരുമായി ആലോചിച്ച് ശസ്ത്രക്രിയ സംബന്ധിച്ച് തീരുമാനം എടുക്കാനിരിക്കെയാണ് രാവിലെ 11 18ന് മരിച്ചത്.
ഷാനിദിന്റെ പേരിൽ താമരശ്ശേരി, കോടഞ്ചേരി സ്‌റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗിച്ചതിനു നേരത്തേ കേസുകളുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണു പൊലീസിന്‍റെ തീരുമാനം. പേരാമ്പ്ര ഡിവൈഎസ്പി കേസ് അന്വേഷിക്കും. ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴിയെടുക്കും .