കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന് 16 തദ്ദേശ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായും നാലു പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം, മുട്ടട, കേശവദാസപുരം, കവടിയാർ, കുടപ്പനക്കുന്ന് ഡിവിഷനുകൾ, നഗരൂർ പഞ്ചായത്ത് അഞ്ച്, ആറ്, 16 വാർഡുകൾ, പൂവച്ചൽ പഞ്ചായത്ത് 11-ാം വാർഡ്, കാട്ടാക്കട പഞ്ചായത്ത് രണ്ട്, ആറ്, 11, 15,17, 19, 20 വാർഡുകൾ എന്നിവയാണു കണ്ടെയ്ൻമെന്റ് സോണുകൾ. തിരുവനന്തപുരം കോർപ്പറേഷനിൽ തൈക്കാട് ഡിവിഷനിൽ ടി.ഇ.എൻ.ആർ.എ. 117 മുതൽ 124 വരെയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി 31-ാം വാർഡിൽ പ്ലാങ്കല, കുറ്റിച്ചൽ പഞ്ചായത്ത് ഏഴാം വാർഡിൽ കുന്നത്തേരി ട്രൈബൽ സെറ്റിൽമെന്റ്, പൂവച്ചൽ പഞ്ചായത്ത് ആറാം വാർഡിൽ അണക്കോട് നക്കര മേഖല എന്നിവയാണു മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ.
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുള്ളു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്‌സൽ തുടങ്ങിയവ അനുവദിക്കില്ല.
പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്നു സാധനങ്ങൾ വാങ്ങണം. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കളക്ടർ അറിയിച്ചു.