ബജറ്റിൽ മനം നിറഞ്ഞ് തലസ്ഥാനം

17

സംസ്ഥാനസർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ തിരുവനന്തപുരം ജില്ലയ്ക്ക് പ്രതീക്ഷയുടെയും വികസനത്തിന്റെയും പച്ചക്കൊടി. ആരോഗ്യം, വിദ്യാഭ്യാസം,സാങ്കേതികം, വിനോദസഞ്ചാരം, അടിസ്ഥാന വികസനം, ഗവേഷണ മേഖലകളി ലുൾപ്പെടെ മികച്ച പരിഗണനയാണ് തലസ്ഥാന ജില്ലയ്ക്ക് ലഭിച്ചത്.

തിരുവനന്തപുരം ഔട്ടർ റിംഗ്‌റോഡ് നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി 1000 കോടി രൂപ അനുവദിച്ചു. നാവായിക്കുളത്ത് നിന്നാരംഭിച്ച് വിഴിഞ്ഞം ബൈപ്പാസിൽ അവസാനിക്കുന്ന ഔട്ടർ റിംഗ്‌റോഡ് തിരുവനന്തപുരം നഗരത്തിലേക്കുള്ള എല്ലാ പ്രധാന റോഡുകളേയും ബന്ധിപ്പിച്ച് കടന്നു പോകുന്നു. തേക്കടയിൽ നിന്ന് മംഗലപുരത്തേക്കുള്ള ലിങ്ക് റോഡ് ഉൾപ്പെടെ 78.880 കിലോമീറ്ററാണ് റിംഗ് റോഡിന്റെ നീളം. 4500 കോടി രൂപയാണ് ആകെ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം – അങ്കമാലി എം.സി റോഡ് വികസനത്തിനായി ബജറ്റിൽ തുക അനുവദിച്ചു. കൊല്ലം – ചെങ്കോട്ട റോഡ് വികസനമുൾപ്പെടുന്ന പദ്ധതിയിൽ കിഫ്ബി വഴി 1500 കോടിയാണ് അനുവദിച്ചത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുല്യ അനുപാതത്തിലുള്ള സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ തിരുവനന്തപുരവും ഭാഗമാകും. മൂന്നാംഘട്ടത്തിലാകും പദ്ധതി നടപ്പാക്കുക.

തിരുവനന്തപുരത്ത് ഒരു സയൻസ് പാർക്കും സങ്കേതിക സർവകാലാശാലയ്ക്ക് സമീപത്തായി ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിക്കും. 200 കോടി മുതൽ മുടക്കിൽ രണ്ട് ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് സയൻസ് പാർക്ക് നിർമിക്കുക. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും.

ദേശീയപാത 66ന് സമാന്തരമായി സ്ഥാപിക്കുന്ന നാല് ഐ.ടി ഇടനാഴികളിലൊന്ന് ടെക്‌നോപാർക്ക് മൂന്നാം ഘട്ടത്തിൽ നിന്ന് കൊല്ലത്തേക്കാണ്. തിരുവനന്തപുരം – കൊല്ലം വിപുലീകൃത ഐടി ഇടനാഴിയിൽ 5ജി ലീഡർഷിപ്പ് പാക്കേജ് അവതരിപ്പിക്കും.

മെഡിക്കൽ സംരംഭക ഇക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുന്നതിനായി കിഫ്ബി വഴി 100 കോടി രൂപ അനുവദിച്ചു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ലബോറട്ടറി സംവിധാനങ്ങൾക്കും ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള വാക്‌സിൻ വികസിപ്പിക്കുന്നതിനും മോണോക്ലോണൽ ആന്റിബോഡി വികസനത്തിനുമായി 50 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം ആർ.സി.സിയെ സംസ്ഥാന കാൻസർ സെന്ററായി ഉയർത്തും. കാൻസർ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആർ.സി.സിയുടെ പ്രവർത്തനങ്ങൾക്ക് 81 കോടി രൂപ വകയിരുത്തി. മെഡിക്കൽ കോളേജുകൾക്കും തിരുവനന്തപുരത്തെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ത്താൽമോളജിക്കുമായി 250.7 കോടി രൂപ നീക്കിവെച്ചു.

374 കോടി രൂപ പദ്ധതി ചെലവിൽ സ്ഥാപിക്കുന്ന തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ബയോടെക് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നതിന് 12 കോടി രൂപയുടെ ധനസഹായം ബയോടെക്‌നോളജി വകുപ്പ് അനുവദിച്ചു.

വിഴിഞ്ഞം കാർഗോ തുറമുഖ വികസനത്തിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. കൂടാതെ സുസ്ഥിര ചരക്ക് നീക്കത്തിനും യാത്രാ ഗതാഗതത്തിനുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായും തുക വകയിരുത്തി.

ഡിജിറ്റൽ സർവകാലശാലയ്ക്ക് 26 കോടിയും ടെക്‌നോപാർക്ക് വികസനത്തിന് 26.6 കോടിയും ബജറ്റിൽ മാറ്റിവെച്ചു.

എയറോസ്‌പേസ്, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ 20 ഏക്കർ സ്ഥലം കെ.എസ്.ഐ.ടി.ഐ.എല്ലിന് അനുവദിച്ചു. ഇതിനായി 50.59 കോടി രൂപ വകയിരുത്തി.

മരച്ചീനിയിൽ നിന്നും എഥനോൾ ഉൾപ്പെടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്നതിന് തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിന് രണ്ട് കോടി രൂപ നീക്കിവെച്ചു.

കഴക്കൂട്ടത്തുള്ള അസാപ് സ്‌കിൽ പാർക്കിൽ ഓഗ്മെന്റ് റിയാലിറ്റി / വിർച്വൽ റിയാലിറ്റി ലാബ് സ്ഥാപിക്കും. മേനംകുളത്ത് ജി.വി രാജ സെന്റർ ഫോർ എക്‌സലൻസ് സ്ഥാപിക്കും.

തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി പുറന്തള്ളുന്ന മലിന ജലത്തിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന സാങ്കേതിക വിദ്യയ്ക്കായി 23 കോടി രൂപ അനുവദിച്ചു.

കോവളം-കൊല്ലം-കൊച്ചി-ബേപ്പൂർ-മംഗലാപുരം-ഗോവ എന്നീ പ്രദേശങ്ങളെ കോർത്തിണക്കി നടപ്പാക്കുന്ന ക്രൂയിസ് ടൂറിസത്തിന് അഞ്ച് കോടി രൂപയും നവകേരളം കർമപദ്ധതിയുടെ ഭാഗമായി വാമനപുരം നദീശുചീകരണത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു.

മൃഗസംരക്ഷണ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ത്രിതല ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ ഭാഗമായി കുടപ്പനക്കുന്നിലെ മൾട്ടി സ്‌പെഷ്യാലിറ്റി വെറ്റിനറി ആശുപത്രി ജില്ലാതല റെഫറൽ യൂണിറ്റായി പ്രവർത്തിക്കും.

കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനുള്ള സുസ്ഥിര വിതരണ ശൃംഖല തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ആരംഭിക്കും.

തിരുവനന്തപുരത്തെ മ്യൂസിയം, ഗാലറി, സുവോളജിക്കൽ പാർക്ക് എന്നിവയുടെ പ്രവർത്തനത്തിനായും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആഗോള ശാസ്‌ത്രോത്സവം സംഘടിപ്പിക്കും. ഇതിനായി നാല് കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.

NO COMMENTS