കാസർകോട് ∙പള്ളിക്കരയില്‍ കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. കാഞ്ഞങ്ങാട് ചേറ്റുകുണ്ടിലെ ഉപ്പു ഹമീദിന്റെ ഭാര്യ സക്കീന (39), സക്കീനയുടെ മക്കള്‍ സജീര്‍ (18), സാനിറ (17), സക്കീനയുടെ മറ്റൊരു മകന്റെ ഭാര്യ റംസീന (19), സക്കീനയുടെ സഹോദരി ഹൈറുന്നീസ (24), ഇവരുടെ മകള്‍ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്. സജീറിന്റെ സുഹൃത്ത് മുക്കൂടിലെ ഹര്‍ഷാദിനെ(19) ഗുരുതരമായ പരിക്കുകളോടെ മംഗ്ലൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈറുന്നീസയുടെ മൂത്തമകന്‍ അജ്മല്‍, റംസീനയുടെ എട്ടുമാസം പ്രായമായ കുട്ടി എന്നിവര്‍ രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ട് പള്ളിക്കര വില്ലേജ് ഓഫീസിനടുത്താണ് അപകടം.കാര്‍ റോഡരികിലെ ആല്‍മരത്തിനിടിച്ച് മറിയുകയാണുണ്ടായത്. മരത്തിനിടിച്ചപ്പോള്‍ തന്നെ മുന്‍ഭാഗം തകര്‍ന്ന കാര്‍ റോഡരികിലെ അഞ്ചടി താഴ്ചയിലേക്ക് തലകീഴായി വീണു. വാഹനത്തിലുള്ളവരെ നാട്ടുകാരാണ് പുറത്തെടുത്തത്. കാര്‍ ഓടിച്ചത് സജീറാണ്.
കാറിനകത്ത് കുടുങ്ങിപ്പോയ സജീറിനെ കാഞ്ഞങ്ങാട്ടുനിന്ന് അഗ്‌നിരക്ഷാസേനയെത്തി പുറത്തെടുത്തു. എല്ലാവരെയും കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രി, അതിഞ്ഞാല്‍ സ്വകാര്യ ആസ്പത്രി എന്നിവിടങ്ങളിലെത്തിച്ചു. ആറുപേരും ആസ്പത്രിയിലെത്തുന്നതിനുമുമ്പേ മരിച്ചിരുന്നു. മരിച്ച ഹൈറുന്നീസ ചേറ്റുകുണ്ടിലെ അന്‍സിറിന്റെ ഭാര്യയാണ്. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഇര്‍ഫാന്റെ ഭാര്യയാണ് റംസീന. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം ചൊവ്വാഴ്ച.