തിരുവനന്തപുരം : യുവാക്കളുടെ തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട തൊഴിലിലേക്കു വഴികാട്ടുന്നതിനുമായി എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്മെന്റ് സെന്ററുകള്‍ തുടങ്ങുമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പാലോട് ട്രൈബല്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ആന്‍ഡ് കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഓഫിസ് മന്ദിരോദ്ഘാടനവും പട്ടികജാതി, പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കായി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയായ ‘സമന്വയുടെ’ സംസ്ഥാനതല ഉദ്ഘാടനവും വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണു നടപ്പാക്കിയതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും തുല്യ അവസരങ്ങളിലൂടെ തുല്യനീതി ഉറപ്പാക്കാന്‍ സര്‍ക്കാരിനായി. ‘സമന്വയ’ പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കു സ്വയംതൊഴില്‍ ബോധവല്‍ക്കരണം, മത്സരപരീക്ഷാ പരിശീലനം എന്നിവ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കു മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായാണു 2018ല്‍ രാജ്യത്തെതന്നെ ആദ്യ ട്രൈബല്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പാലോട് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനോടൊപ്പം കരിയര്‍ ഡെവലപ്‌മെന്റ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നയത്തിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ നൂതന പ്രവണതകളെക്കുറിച്ച് അറിവു നല്‍കുക, തൊഴില്‍ ആസൂത്രണം ചെയ്യുന്നതിന് പ്രാപ്തരാക്കുക എന്നിവയാണ് കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ലക്ഷ്യം. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ സംരംഭങ്ങളായ കരിയര്‍ ഡെവലപ്മെന്റ് സെന്ററുകള്‍, എംപ്ലോയബിലിറ്റി സെന്റുകള്‍ എന്നിവ വഴി കൂടുതല്‍ തൊഴിലവസരങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്കായി സൃഷ്ടിക്കുന്നത്.
ഒന്നര കോടി രൂപ ചെലവഴിച്ചാണ് ട്രൈബല്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് & കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ പുതിയ ഓഫിസ് മന്ദിരം നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആധുനിക പഠനമുറികള്‍, ലൈബ്രറി തുടങ്ങിയ സംവിധാനങ്ങളോടുകൂടിയ മന്ദിരത്തിന്റെ നിര്‍മാണച്ചുമതല നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു. നിര്‍മാണം ആരംഭിച്ച് ഒന്നര വര്‍ഷത്തിനകം പൂര്‍ത്തീകരിച്ച മന്ദിരം സ്ഥിതി ചെയ്യുന്നത് പാലോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ സമീപത്താണ്. ഉദ്ഘാടന ചടങ്ങില്‍ ചടങ്ങില്‍ ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, എംപ്ലോയ്മെന്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
*തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്തു*
ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വിവിധ തീരദേശറോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി തീരദേശത്തെ സാമൂഹിക പശ്ചാത്തല വികസനം ലക്ഷ്യമിട്ട് ഒന്‍പത് ജില്ലകളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 104 തീരദേശറോഡുകളുടെ ഉദ്ഘാടനവും എട്ടു ജില്ലകളിലായി നിര്‍മിക്കുന്ന 80 തീരദേശറോഡുകളുടെ നിര്‍മാണണോദ്ഘാടനവും ചടങ്ങില്‍ നടന്നു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ചിറയിന്‍കീഴ് മണ്ഡലത്തിലെ റോഡുകള്‍ നിര്‍മിച്ചത്.
അഴൂര്‍ പഞ്ചായത്തില്‍ 33.3 ലക്ഷം രൂപ ചെലവഴിച്ചാണ് പെരുങ്ങുഴി വയല്‍തിട്ട മൂലയില്‍ വീട് റോഡും 37.8ലക്ഷം രൂപ ചെലവഴിച്ച് മുടപുരം-മുട്ടപ്പലം റോഡും നിര്‍മിച്ചത്. അഞ്ചുതെങ്ങ് പഞ്ചായത്തില്‍ 55 ലക്ഷം രൂപ ചെലവഴിച്ചാണ് പുത്തന്‍നട അടവിനകം റോഡ് നിര്‍മിച്ചത്. 69.60 ലക്ഷം രൂപ ചെലവിട്ടു നിര്‍മിക്കുന്ന മുതലപ്പൊഴി-പുതുക്കുറിച്ചി റോഡിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അഴൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. റോഡുകളുടെ ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
*അപേക്ഷ ക്ഷണിച്ചു*
ഡി.സി.എ, പി.ജി.ഡി.സി.എ, വേര്‍ഡ് പ്രോസസ്സിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, റ്റാലി ആന്‍ഡ് എം.എസ് ഓഫീസ് കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2337450, 2320332.