തിരുവനന്തപുരം :കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ ജില്ലയിൽ 7000 ലധികം പേർക്ക് ഭക്ഷണമെത്തിക്കാനായെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതിന്റെ ഇരട്ടി ആളുകൾക്ക് ഭക്ഷണമെത്തിക്കാനാകും. വിവിധ പഞ്ചായത്തുകളിലായി 86 കിച്ചനുകൾ ആരംഭിച്ചു. നഗരസഭയിൽ ആറെണ്ണമാണുള്ളത്. വൈകാതെ 25 ആകും. മൂന്നു നേരത്തെ ഭക്ഷണമാണ് തയ്യാറാക്കുന്നത്. ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളുമായി കളക്ടറേറ്റിൽ വീഡിയോ കോൺഫറൻസ് നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക് ഡൗൺ കാലയളവിൽ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ തദ്ദേശ ഭരണ സ്ഥാപനങ്ങളോട് അദ്ദേഹം നിർദ്ദേശിച്ചു.
കമ്യൂണിറ്റി കിച്ചനിലേക്ക് സംഭാവനകൾ ലഭിക്കുന്നതിനും മുൻകയ്യെടുക്കണം. ഏതെങ്കിലും വിധത്തിൽ നിസഹായരായ എല്ലാവർക്കും ഭക്ഷണമെത്തിക്കും. ഒരു നേരത്തെ ഭക്ഷണത്തിന് 20 രൂപ നിരക്കിൽ നൽകി വാങ്ങാനും സൗകര്യമുണ്ടാകും. മത്സ്യ ബന്ധനത്തിന് കടലിലൂടെ ദീർഘദൂരം സഞ്ചരിച്ച് മടങ്ങിയെത്തിയവരെ നിരീക്ഷിക്കും. ഇത്തരത്തിൽ വന്ന 220 പേരുണ്ട്. അവരിൽ 26 പേർ കാസർകോഡ് ഭാഗത്തു പോയി വന്ന വ രാണ്. ഇവരെ ക്വാറന്റയിനിൽ പ്രവേശിപ്പിക്കും.
തെരുവു നായ്ക്കൾക്ക് ഭക്ഷണമില്ലാതെ വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. വാർഡ് തലത്തിൽ വളരെ വിപുലമായ നിരീക്ഷണ പ്രവർത്തനമാണ് നടക്കുന്നത്. നിർബന്ധിത നിരീക്ഷണത്തിലുള്ള ആളുകളെ നിരീക്ഷിക്കുകയും ആവശ്യമായ സഹായം ചെയ്യുകയും ചെയ്യുന്നുണ്ട്. അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ലോക് ഡൗണിനോട് വളരെ അനുകൂലമായാണ് ഇപ്പോൾ തലസ്ഥാനത്തെ ജനങ്ങൾ പ്രതികരിക്കുന്നത്.
വലിയ തോതിൽ ആളു കൂടിയ മത്സ്യ ലേലം ചിലയിടത്ത് നടന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം ഒറ്റപ്പെട്ട സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ.മധു, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.