തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗണ്‍സിലറുമായ ഡോ.കെ.ഗിരീഷിനെതിരെ കേസെടുത്തു. 13കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കില്‍ പഠനവൈകല്യമുണ്ടെന്ന സംശയത്തില്‍ എത്തിയ കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. സംഭവം നടന്ന് എട്ടുദിവസമായിട്ടും തുടര്‍ നടപടിയുണ്ടായില്ലെന്നാരോപിച്ച് രക്ഷിതാക്കള്‍ മുഖ്യമന്ത്രി, ഡി.ജി.പി, കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. കുട്ടിയുടെ മാതാവ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
സ്കൂളിലെ കൗണ്‍സിലറുടെ നിര്‍ദ്ദേശപ്രകാരം പഠനവൈകല്യമുണ്ടെന്ന സംശയത്തില്‍ ഓഗസ്റ്റ് 14നാണ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് കുട്ടിയെ ഒറ്റയ്ക്ക് അകത്തുവിളിച്ചത്. 20 മിനിട്ടുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മകനില്‍ കയറിപ്പോയപ്പോഴുള്ള പ്രസന്നത കണ്ടില്ല. തുടര്‍ന്ന് സംസാരിച്ചപ്പോഴാണ് കുട്ടി കരഞ്ഞുകൊണ്ട് അനുഭവം പറഞ്ഞത്. ബോക്സ് പോലുള്ള പസില്‍ കൊടുത്ത ശേഷം ഡോക്ടര്‍ പല പ്രാവശ്യം ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുകയും ചെയ്തെന്ന് മകന്‍ പറഞ്ഞു. ഈ വിവരം അറിഞ്ഞുടന്‍ ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ്ലൈനില്‍ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ചൈല്‍ഡ്ലൈന്‍ വിവരം തമ്ബാനൂര്‍ പോലീസിന് കൈമാറി. സംഭവം നടന്നത് ഫോര്‍ട്ട് പോലീസ് പരിധിയിലായതിനാല്‍ 16ന് കേസ് അവിടേയ്ക്ക് മാറ്റുകയും ചെയ്തു.
തിരുവനന്തപുരത്ത് ബോര്‍ഡ് പോലും വയ്ക്കാത്ത കെട്ടിടത്തിന്റെ ഭൂഗര്‍ഭ നിലയിലാണ് പരാതിയില്‍ പറയുന്ന ക്ലിനിക്കുള്ളത്. ദേശീയ ആരോഗ്യമിഷന്റെ മാനസികാരോഗ്യ പരിപാടിയുടെ മുന്‍ സംസ്ഥാന കോഡിനേറ്റര്‍ കൂടിയാണ് ചാനല്‍ പരിപാടികളില്‍ പരിചിതനായ ഡോ. കെ.ഗിരീഷ്.