ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ അവസാനദിനത്തിലേക്ക് കടക്കുമ്പോൾ ഓള് ഇന്ത്യ ഹിന്ദു മഹാസഭ ഹാജരാക്കിയ പുസ്തകങ്ങളും രേഖകളും മാപ്പുകളും ജഡ്ജിമാര്‍ക്ക് മുമ്പിൽ വച്ച് സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന് രാജീവ് ധവാന് വലിച്ചു കീറി . സുപ്രീംകോടതിയില്‍ അത്യന്തം നാടകീയ രംഗങ്ങളാണ് നടന്നത്
കീറി കളയണമെങ്കില്‍ കളഞ്ഞോളൂ എന്ന് കോടതി പറഞ്ഞതോടെയാണ് രാജീവ് ധവാന് മാപ്പ് വലിച്ചു കീറിയത്. അടുത്ത കാലത്ത് എഴുതിയ ഇത്തരം പുസ്തകങ്ങളൊക്കെ എങ്ങനെ തെളിവായി എടുക്കുമെന്ന് ധവാന് വാദിച്ചു. നിങ്ങളിങ്ങനെ തുടങ്ങിയാല്‍ ഞങ്ങള്‍ എഴുന്നേറ്റ് പോകുമെന്നും ഇന്ന് വൈകുന്നേരം അഞ്ചിനുള്ള തന്നെ വാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അഭിഭാഷകര്‍ക്ക് കര്‍ശനനിര്‍ദേശം നല്കി.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേള്‍ക്കുന്നത്. ഇന്ന് വാദം കേള്‍ക്കലിന്റെ നാല്പതാം ദിവസമാണ്. നവംബര്‍ 15ന് മുമ്പ് അയോധ്യ ഹര്‍ജികളില്‍ ഭരണഘടനാ ബെഞ്ച് വിധി പറയുമെന്നാണ് വിവരം.