തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നു. കശുവണ്ടി കോര്‍പ്പറേഷന്‍റെയും കാപ്പെക്സിന്‍റെയും കീഴിലുള്ള ഫാക്ടറികളില്‍ നാളെ മുതല്‍ തോട്ടണ്ടി എത്തിത്തുടങ്ങും.
കശുവണ്ടി കോര്‍പ്പറേഷന്‍റെ കീഴിലുള്ള 30 ഫാക്ടറികളും കാപ്പെക്സിന്‍റെ 10 ഫാക്ടറികളുമാണ് തുറക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കഴിഞ്ഞ സെപ്റ്റംബര്‍ 20 ന് സാമ്പത്തിക ബാധ്യത കാരണം പൂട്ടിയ ഫാക്ടറികളാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നത്. കശുവണ്ടി ഫാക്ടറികള്‍ ചിങ്ങം ഒന്നിന് തുറക്കുമെന്നത് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം നിരവധി ടെൻഡറുകള്‍ ക്ഷണിച്ചെങ്കിലും ഒറ്റക്കമ്പനികള്‍ മാത്രമായതിനാല്‍ എല്ലാം റദ്ദാക്കി. ഒടുവില്‍ തദ്ദേശീയമായി ടെൻഡര്‍ ക്ഷണിച്ചാണ് തോട്ടണ്ടി ഇറക്കുന്നത്. കിലോയ്ക്ക് 142 രൂപ നിരക്കിലാണ് ടെൻഡര്‍ സ്വീകരിച്ചിരിക്കുന്നത്. 900 ടണ്‍ തോട്ടണ്ടി ആദ്യ ഘട്ടത്തിലിറക്കും.തൂത്തുക്കുടി തുറമുഖത്ത് നിന്നും ആദ്യ ലോഡ് പുറപ്പെട്ട് കഴിഞ്ഞു
വര്‍ഷത്തില്‍ 300 ദിവസം ജോലി കൊടുക്കുമെന്നാണ് അധികൃതരുടെ വാഗ്ദാനം. ഒരുവര്‍ഷമായി ജോലിയില്ലാതെ ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന കശുവണ്ടിത്തൊഴിലാളികളുടെ ആനൂകൂല്യങ്ങളും ബോണസും വിതരണം ചെയ്യുന്ന കാര്യത്തില്‍ പക്ഷേ ഇതുവരെ തീരുമാനമായിട്ടില്ല..