മുംബൈ : ബാങ്ക് തട്ടിപ്പ് കേസില്‍ രത്‌നവ്യാപാരി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,400 കോടി രൂപ തട്ടിയെടുത്ത കേസിലെ ആദ്യ കുറ്റപത്രമാണ് മുംബൈ കോടതിയില്‍ ഇപ്പോള്‍ സിബിഐ സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള കാലപരിധിയായ 90 ദിവസം കഴിയാനിരിക്കെയാണ് സിബിഐ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇനി പ്രതികള്‍ക്ക് ജാമ്യത്തിന് അപേക്ഷിക്കാനാകില്ല. കേസില്‍ 19പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നീരവിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയും പിഎന്‍ബി ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. വിദേശത്തുനിന്നും വായ്പയെടുക്കാന്‍ ജാമ്യപത്രം നല്‍കുന്നകാര്യത്തില്‍ ഉള്‍പ്പെടെ പിഎന്‍ബി ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് സിബിഐ കണ്ടെത്തി. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ തെളിവുകളും സിബിഐ ശേഖരിച്ചിട്ടുണ്ട്.