ന്യൂഡല്‍ഹി • ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അലോക് വെര്‍മയെ സിബിഐ ഡയറക്ടറായി നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ഡയറക്ടറെ തിരഞ്ഞെടുത്തത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. യോഗ്യരായ 45 ഐപിഎസുകാരുടെ പട്ടികയില്‍ നിന്നാണ് അലോക് വെര്‍മയെ നിയമിച്ചത്. ഡയറക്ടറായിരുന്ന അനില്‍ സിന്‍ഹ ഡിസംബര്‍ രണ്ടിന് വിരമിച്ചശേഷം പകരം ആളെ നിയമിക്കാതിരുന്നതിനാല്‍ ഗുജറാത്ത് കേഡറില്‍പെട്ട ഐപിഎസ് ഓഫിസര്‍ രാകേഷ് അസ്താന താല്‍ക്കാലിക ചുമതല വഹിച്ചുവരുകയായിരുന്നു. 1979 ബാച്ച് ഐപിഎസ് ഒാഫിസര്‍ ആണ് പുതിയ ഡയറക്ടര്‍. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറലായ കൃഷ്ണ ചൗധരി (1979 ബാച്ച്, ബിഹാര്‍ കേഡര്‍), ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷനല്‍ പൊലീസ് അക്കാദമി ഡയറക്ടര്‍ അരുണ ബഹുഗുണ (1979 ബാച്ച്, തെലങ്കാന കേഡര്‍), മഹാരാഷ്ട്ര സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആന്‍ഡ് വെല്‍ഫെയര്‍ കോര്‍പറേഷനിലെ എസ്.സി. മാഥൂര്‍ (1981 ബാച്ച്, മഹാരാഷ്ട്ര കേഡര്‍) എന്നിവരെയായിരുന്നു പുതിയ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.