ന്യൂഡൽഹി: സ്കൂൾ ബസുകളിൽ സ്പീഡ് ഗവേർണർ നിർബന്ധമാക്കണമെന്ന് സിബിഎസ്ഇ സർക്കുലർ. സ്കൂൾ ബസുകളുടെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ പരിധിയിൽ കൂടാൻ പാടില്ല. എല്ലാ ബസുകളിലും ജിപിഎസ് സംവിധാനവും സിസിടിവിയും ഘടിപ്പിക്കണം. സ്കൂൾ മാനേജ്മെന്റിനും പ്രിൻസിപ്പലിനുമാണ് മാർഗനിർദേശങ്ങൾ നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം. നിർദേശങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയാൽ ബന്ധപ്പെട്ടവർ കടുത്ത നടപടി നേരിടേണ്ടിവരും. സ്കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ബോർഡ് വ്യക്തമാക്കി. സ്കൂൾ ബസിന്റെ സുരക്ഷ സംബന്ധിച്ച് 1997ൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പരാമർശിച്ച് സിബിഎസ്ഇ ഡപ്യൂട്ടി സെക്രട്ടറി ശ്രീനിവാസൻ ആണ് സർക്കുലർ ഇറക്കിയത്. രാജ്യത്തെ 18,000 സിബിഎസി സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഈ സർക്കുലർ ബാധകമാണ്.
സർക്കുലറിലെ നിർദേശങ്ങൾ
* ബസിന്റെ രണ്ടുവശങ്ങളിലും മുന്നിലും സ്കൂളിന്റെ പേരുകൾ കറുത്ത അക്ഷരത്തിൽ എഴുതണം.
* മഞ്ഞ പെയിന്റാണ് ബസിന് അടിക്കേണ്ടത്. താത്ക്കാലികമായി വാടകയ്ക്ക് ഓടുന്ന ബസാണെങ്കിൽ “ഓണ്‍ സ്കൂൾ ഡ്യൂട്ടി’ എന്ന് മുന്നിൽ വലിയ അക്ഷരത്തിൽ എഴുതിയിരിക്കണം.
* ബസ് ഡ്രൈവറുടെ പേര്, സ്ഥിര വിലാസം, ടെലിഫോണ്‍ നന്പർ, ലൈസൻസ് നന്പർ, ബാഡ്ജ് നന്പർ, ട്രാൻസ്പോർട്ട് ഹെൽപ്പ് ലൈൻ നന്പർ, വാഹനരജിസ്ട്രേഷൻ നന്പർ എന്നിവ ബസ്സിന്റെ ഉള്ളിലും പുറത്തും കാണുന്ന വിധത്തിൽ എഴുതിയിരിക്കണം.
* നല്ല പരിശീലനം ലഭിച്ച വനിതാ ഗാർഡ്, കണ്ടക്ടർ, ഡ്രൈവർ എന്നിവരല്ലാതെ പുറമെനിന്നുള്ള ഒരാളും ഒരു കാരണവശാലും ബസിൽ വിദ്യാർഥികളുമായി യാത്രചെയ്യുന്ന സമയത്ത് ഉണ്ടാവാൻ പാടില്ല.
* ബസിൽ പിടിഎ പ്രതിനിധികളായി സ്വമേധയാ ഏതെങ്കിലും ഒരാൾക്ക് മേൽനോട്ടക്കാരനായി യാത്രചെയ്യാം.
* ബസിന്റെ ജനലിൽ തിരശ്ചീനമായി കന്പിയും വലയും ഘടിപ്പിച്ചിരിക്കണം.
* ഓരോ ബസിനും സ്കൂൾ അധികൃതർ മൊബൈൽ ഫോണ്‍ നൽകണം. സ്കൂൾ വിദ്യാർഥികളുമായി പോകുന്ന സമയത്ത് നാലുചക്രവാഹനങ്ങളെ ഒരിക്കലും കടന്നുപോവരുത്.
* വിദ്യാർഥികൾ എല്ലാവരും 12 വയസ്സിനു താഴെയുള്ളവരാണ് എങ്കിൽ മൊത്തം സീറ്റിന്റെ ഒന്നര ഇരട്ടിയിൽ കൂടുതൽ പേർ ഒരേസമയം യാത്രചെയ്യരുത്.
* ഏതെങ്കിലും അപകടം വരുത്തിയതിനോ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനോ അമിതവേഗതയിൽ ഓടിച്ചതിനോ ശിക്ഷിക്കപ്പെട്ടയാളെ സ് കൂൾ ബസ് ഡ്രൈവറാക്കരുത്.
*ഡ്രൈവർക്ക് വലിയ വാഹനങ്ങൾ ഓടിച്ച് അഞ്ചുവർഷമെങ്കിലും പരിചയം വേണം.
*ഡ്രൈവർ ചാരനിറത്തിലുള്ള പാന്റും ജാക്കറ്റും അല്ലെങ്കിൽ സംസ്ഥാന ഗതാഗത വകുപ്പ് നിർദേശിക്കുന്ന മറ്റു യൂണിഫോമോ ധരിക്കണം
* ബസിൽ മുന്നറിയിപ്പ് ബെല്ല് വേണം.
* യാത്രയ്ക്കിടയിൽ ബസിനുള്ളിൽ എന്തെല്ലാം നടക്കുന്നുവെന്നു പുറത്തുനിന്നു നോക്കിയാൽ കാണാത്തവിധത്തിൽ ജനലുകളിൽ കർട്ടണ് പാടില്ല.
* എല്ലാ ബസിലും എമർജൻസി വാതിലുകൾ വേണം. ഐഎസ്ഐ മുദ്രയുള്ള അഞ്ചുകിലോ ഭാരമുള്ള എബിസി അഗ്നിശമനി ഉണ്ടായിരിക്കണം.
* ബസിൽ കുടിവെള്ളവും ഫസ്റ്റ് എയിഡ് ബോക്സും ഉണ്ടായിരിക്കണം.
* ഓരോ സ്കൂളിലും ഒരു ട്രാൻസ്പോർട്ട് മാനേജർ ഉണ്ടായിരിക്കുകയും യാത്രാസുരക്ഷസംബന്ധിച്ച ഉത്തരവാദിത്തം ഏൽപ്പിക്കുകയും വേണം