പാഠപുസ്തകങ്ങളും യൂണിഫോമും വില്‍ക്കാനായി സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ നിര്‍ത്തലാക്കണമെന്ന് സി.ബി.എസ്.ഇ

259

ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളും യൂണിഫോമും വില്‍ക്കാനായി സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ നിര്‍ത്തലാക്കണമെന്ന് സി.ബി.എസ്.ഇ. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് അല്ലാതെ കച്ചവടം നടത്തുകയല്ല വേണ്ടതെന്ന് സി.ബി.എസ്.ഇ ഓര്‍മിപ്പിച്ചു. അഫിലിയേഷന്‍ നിയമങ്ങളുടെ ലംഘനമാണിതെന്ന് സ്കൂളുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. സി.ബി.എസ്.ഇയോ എന്‍സിഇആര്‍ടിയോ നിര്‍ദേശിക്കാത്ത പാഠപുസ്തകങ്ങളടക്കം വാങ്ങാന്‍ സ്കൂളുകള്‍ നിര്‍ബന്ധിക്കുന്നതായി രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇരുപതിനായരത്തോളം സ്കൂളുകളാണ് രാജ്യത്തൊട്ടാകെ സി.ബി.എസ്.ഇയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. സ്കൂളുകളില്‍ ഏതെങ്കിലും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അനുവദിക്കില്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍, നോട്ടുബുക്കുകള്‍, യൂണിഫോം, സ്കൂള്‍ ബാഗുകള്‍ തുടങ്ങിയവ സ്കൂളുകളില്‍ നേരിട്ടോ മറ്റ് കച്ചവടക്കാര്‍ വഴിയോ വില്‍ക്കുന്നത് ആരോഗ്യകരമായ നടപടിയല്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരം നടപടികളുടെ പേരില്‍ മുമ്ബും സി.ബി.എസ്.ഇ സ്കൂളുകളെ ശാസിച്ചിരുന്നു. ഇനിയും ഇത് തുടര്‍ന്നാല്‍ അഫിലിയേഷന്‍ റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY