കൊച്ചി: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്ന് ഹൈക്കോടതി. സിബിഎസ്ഇ ഫലം വന്ന് മൂന്ന് ദിവസം കൂടി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാന്‍ അവസരം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രവേശന തീയതി നീട്ടരുത് എന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സംസ്ഥാന സര്‍ക്കാരിന്റെ നടപടി ശരിയല്ല എന്ന വിമര്‍ശനത്തോടെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം പഠനം പരമപ്രധാനമാണ്. അത് നിഷേധിക്കാന്‍ ആര്‍ക്കുമാകില്ല. അതിനാല്‍ തന്നെ സിബിഎസ്‌സി വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം നല്‍കേണ്ടതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ സിബിഎസ്ഇ ഫലം വരുന്നതു വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസരം നീട്ടി നല്‍കിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. അടുത്ത മാസം അഞ്ചുവരെയായിരുന്നു സിംഗിള്‍ ബെഞ്ച് അവസരം നല്‍കിയിരുന്നത്. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ ഈ ഉത്തരവില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ അന്തിമ ഉത്തരവ്. ഇതനുസരിച്ച് സിബിഎസ്ഇഫലം പുറത്തുവന്ന് മൂന്ന് പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം അവസാനിപ്പിക്കാന്‍ പാടുള്ളൂ എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ സിബിഎസ്ഇ ഫലത്തെ ആശ്രയിച്ചയിരിക്കും ഇനി സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാകുക. എന്നാല്‍ സിബിഎസ്ഇ ഫലം പ്രഖ്യാപനത്തെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയാണ്.